തുടക്കം മുതൽ തടസ്സങ്ങളെന്ന് പാറമേക്കാവും തിരുവമ്പാടിയും
Mail This Article
തൃശൂർ∙ പൂരം കലക്കലുമായി ബന്ധപ്പെട്ടു ദേവസ്വങ്ങളെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുതെന്നു തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ്കുമാർ. പൂരം എന്താണെന്നു മുഴുവനായി മനസ്സിലാക്കിയാലേ തടസ്സമുണ്ടോയോ ഇല്ലയോ എന്ന് അറിയാൻ കഴിയൂ. രാവിലെ എഴുന്നള്ളിപ്പു മുതൽ തടസ്സങ്ങൾ ഉണ്ടായിരുന്നെന്നും സർക്കാർ നിയോഗിച്ച ത്രിതല അന്വേഷണ സംഘം ഇതുവരെ ദേവസ്വത്തെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘36 മണിക്കൂർ നീണ്ടുനിൽക്കുന്ന ചടങ്ങുകളാണു തൃശൂർ പൂരത്തിന്റെ ഭാഗമായുള്ളത്. അവയെല്ലൊം ഒന്നൊഴിയാതെ കൃത്യമായി നടക്കണം. എങ്കിലേ പൂരം ഭംഗിയായി, പൂർണമായി നടന്നു എന്നു പറയാൻ കഴിയൂ. എന്നാൽ ഇത്തവണ രാവിലെ എഴുന്നള്ളിപ്പ് തുടങ്ങുന്ന സമയം മുതൽ പല രീതിയിലുള്ള തടസ്സങ്ങൾ സൃഷ്ടിക്കപ്പെട്ടു’– ഗിരീഷ്കുമാർ പറഞ്ഞു.
തൃശൂർ പൂരം ചിട്ടയായി നടക്കുന്നതിൽ വലിയ വീഴ്ച സംഭവിച്ചെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നടക്കം വീഴ്ചയുണ്ടായെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് പറഞ്ഞു. എഴുന്നള്ളിപ്പുകൾ പലഘട്ടത്തിലും തടയുകയുണ്ടായി. പൂരം കലക്കിയതിനു പിന്നിൽ ആരാണെന്നു കണ്ടെത്താൻ നിയോഗിച്ച ത്രിതല അന്വേഷണ സംഘം ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും രാജേഷ് പറഞ്ഞു. പാറമേക്കാവ് ക്ഷേത്രത്തിന്റെ അഗ്രശാലയ്ക്കു തീപിടിച്ച സംഭവത്തിൽ ഫൊറൻസിക് റിപ്പോർട്ട് പുറത്തു വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണ റിപ്പോർട്ട് വരട്ടെ: മന്ത്രി രാജൻ
പൂരവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയിൽ വൈരുധ്യമില്ലെന്നും അദ്ദേഹം മുൻപും കഴിഞ്ഞ ദിവസം പറഞ്ഞതും ഒന്നു തന്നെയാണെന്നും മന്ത്രി കെ.രാജൻ. പൂരം കലക്കലിൽ സർക്കാർ പ്രഖ്യാപിച്ച അന്വേഷണം നടക്കുന്നതിനാൽ അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ‘പൂരവുമായി ബന്ധപ്പെട്ടു വ്യക്തിപരമായും രാഷ്ട്രീയമായും പറയാനുള്ള എല്ലാ കാര്യങ്ങളും നിയമസഭയ്ക്ക് അകത്തും പുറത്തും പറഞ്ഞിട്ടുണ്ട്. അതിനെക്കാൾ പുതിയൊരു കാര്യവും ഇപ്പോൾ പ്രത്യേകമായി ചർച്ചയ്ക്കു വിധേയമാക്കേണ്ടതില്ല. മുഖ്യമന്ത്രി പറഞ്ഞതിൽ ഒരുഭാഗം മാത്രമെടുത്തു വിവാദമാക്കുകയാണോ എന്നു സംശയമുണ്ട്. മുഖ്യമന്ത്രിയുടെ പ്രസംഗം പൂർണമായി കേട്ടിട്ടില്ല’. മന്ത്രി കെ.രാജൻ പറഞ്ഞു.
എ.സി.മൊയ്തീൻ മുൻപേ പറഞ്ഞു
മുഖ്യമന്ത്രിയുടേതിനു സമാനമായ പരാമർശം കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ തൃശൂർ ജില്ലയിൽ നിന്നുള്ള മുതിർന്ന സിപിഎം എംഎൽഎ എ.സി.മൊയ്തീൻ നടത്തിയിരുന്നു. പൂരം കലങ്ങിയിട്ടില്ലെന്നും ആചാരലംഘനമുണ്ടായില്ലെന്നുമുള്ള മൊയ്തീന്റെ വാക്കുകളെ അന്ന് സിപിഐയുടെ മന്ത്രി കെ.രാജൻ ഖണ്ഡിച്ചു. നിയമസഭയിൽ സിപിഐ തങ്ങളുടെ നിലപാട് വ്യക്തമാക്കി ആഴ്ചകൾ പിന്നിടുമ്പോഴാണ് അതിനെ തള്ളിയും മൊയ്തീന്റെ വാദം ശരിവച്ചും മുഖ്യമന്ത്രി നേരിട്ടിറങ്ങിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അതിനെ പിന്തുണയ്ക്കുകയും ചെയ്തതോടെ, പൂരം വിഷയത്തിൽ സിപിഐയുടെ വാദങ്ങളെല്ലാം തെറ്റാണെന്നു കൂടിയാണു സിപിഎം പറഞ്ഞുവയ്ക്കുന്നത്.
വെടിക്കെട്ട് മാത്രമല്ല, എല്ലാം അലങ്കോലമാക്കി: സതീശൻ
കൊച്ചി ∙ പൂരം കലക്കലിനെക്കുറിച്ചു ത്രിതല അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി, പൂരം കലങ്ങിയിട്ടില്ലെന്ന് ഇപ്പോൾ പറയുന്നത് അന്വേഷണത്തെ അട്ടിമറിക്കാനാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. പൂരം കലക്കിയതാണെന്നു മന്ത്രിമാർ വരെ നിയമസഭയിൽ പറഞ്ഞു. പൂരം കലക്കിയതിനാണു തൃശൂർ കമ്മിഷണറെ മാറ്റി നിർത്തിയത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഒരു അന്വേഷണവും നിക്ഷ്പക്ഷമാകില്ല. അതുകൊണ്ടാണ് യുഡിഎഫ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നതെന്നു സതീശൻ പറഞ്ഞു.
വെടിക്കെട്ടു മാത്രമല്ല മഠത്തിൽ വരവും അലങ്കോലപ്പെട്ടു. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പ് എത്തിയപ്പോൾ റോഡിൽ മുഴുവൻ വാഹനങ്ങളായിരുന്നു. പിറ്റേ ദിവസം തെക്കോട്ടിറക്കവും അലങ്കോലപ്പെട്ടു. പിറ്റേന്നത്തെ വെടിക്കെട്ടിനു വേണ്ടി തലേദിവസം രാത്രി തന്നെ എല്ലാ വഴികളും ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു. ജനങ്ങൾക്കു നേരെ ലാത്തിച്ചാർജ് നടത്തി. ഇതെല്ലാം മുഖ്യമന്ത്രി മറച്ചു വയ്ക്കുന്നത് ആർഎസ്എസിനെ സന്തോഷിപ്പിക്കുന്നതിനു വേണ്ടിയാണ്. ക്ഷേത്രത്തെയും ആചാരത്തെയും കുറിച്ചു ക്ലാസെടുക്കുന്ന ബിജെപിയും പൂരം കലക്കാൻ കൂട്ടുനിന്നുവെന്നും സതീശൻ ആരോപിച്ചു.