ADVERTISEMENT

മലപ്പുറം ∙ പിഡിപിക്കും ജമാഅത്തെ ഇസ്‌ലാമിക്കും എതിരെ നിലപാടു കടുപ്പിക്കുമ്പോൾ സിപിഎം നടത്തുന്നത് മുസ്‌ലിം ലീഗിനെ ദുർബലപ്പെടുത്താൻ പയറ്റിയ രാഷ്ട്രീയ പരീക്ഷണങ്ങൾ പരാജയപ്പെട്ടെന്ന കുറ്റസമ്മതം. ജമാഅത്തെ ഇസ്‌ലാമിയെ ഭീകരസംഘടനയെന്നു വിളിക്കുമ്പോൾ, അവരുമായുണ്ടാക്കിയ രാഷ്ട്രീയധാരണയുടെ ചരിത്രം സിപിഎമ്മിനെ തിരിഞ്ഞുകൊത്തുന്നു. 

ബാബറി മസ്ജിദുമായി ബന്ധപ്പെട്ട ലീഗ് നിലപാടിനെ പ്രതിക്കൂട്ടിൽ നിർത്തി മലബാറിൽ വേരോട്ടമുണ്ടാക്കാനുള്ള സിപിഎം തന്ത്രത്തിന്റെ പ്രധാന സഹകാരികളായിരുന്നു പിഡിപിയും ജമാഅത്തെ ഇസ്‌ലാമിയും. ഇരു സംഘടനകളുമായും പ്രത്യക്ഷത്തിൽത്തന്നെ രാഷ്ട്രീയധാരണയുണ്ടാക്കിയ ചരിത്രം സിപിഎമ്മിനുണ്ട്. 1996ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ പിന്തുണയ്ക്കാനുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ തീരുമാനത്തെ അഭിനന്ദിച്ച് സിപിഎം മുഖപത്രം ‘ദേശാഭിമാനി’ മുഖപ്രസംഗം വരെ എഴുതി. ‘ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ ആവേശകരവും ആശാവഹവുമാണ്. മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ രാഷ്ട്രീയ അടിത്തറ ശക്തമാക്കി’ എന്നാണു മുഖപ്രസംഗത്തിൽ പറഞ്ഞത്. 

ബാബറി മസ്ജിദ് തകർക്കപ്പെട്ടശേഷവും കോൺഗ്രസുമായുള്ള രാഷ്ട്രീയബന്ധം തുടരാനുള്ള തീരുമാനത്തിനെതിരെ ലീഗിൽ വലിയ എതിർപ്പുയർന്നിരുന്നു. ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ നേതൃത്വത്തിലുള്ള വിമതവിഭാഗത്തിന്റെ നീക്കങ്ങൾക്കു ജമാഅത്തെ ഇസ്‌ലാമി അവരുടെ പ്രസിദ്ധീകരണങ്ങളിലൂടെ വലിയ പിന്തുണ നൽകി. പിന്നീട് കെ.ടി.ജലീൽ ലീഗ് വിട്ടപ്പോഴും ഇത് ആവർത്തിച്ചു. ഇതിന്റെയെല്ലാം രാഷ്ട്രീയഗുണം ലഭിച്ചതു സിപിഎമ്മിനാണ്. 

2011ൽ വെൽഫെയർ പാർട്ടിയെന്ന സ്വന്തം രാഷ്ട്രീയപ്രസ്ഥാനം രൂപീകരിക്കുന്നതുവരെ തിരഞ്ഞെടുപ്പുകളിൽ ഏതെങ്കിലും മുന്നണിക്കു പിന്തുണ പ്രഖ്യാപിക്കുന്നതായിരുന്നു ജമാഅത്തെ ഇസ്‌ലാമിയുടെ രീതി. ഏറ്റവും കൂടുതൽ തവണ പിന്തുണ ലഭിച്ചത് ഇടതുപക്ഷത്തിനാണ്. 

2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പിഡിപിക്കുകൂടി സ്വീകാര്യനെന്ന നിലയിലാണ് ഡോ. ഹുസൈൻ രണ്ടത്താണിയെ പൊന്നാനിയിൽ എൽഡിഎഫ് സ്വതന്ത്രനായി അവതരിപ്പിച്ചത്. 1984 മുതൽ സിപിഐ മത്സരിക്കുന്ന സീറ്റ് അവരുടെ എതിർപ്പു വകവയ്ക്കാതെ സിപിഎം പിടിച്ചെടുക്കുകയായിരുന്നു. രണ്ടത്താണിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പിണറായിയും പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയും വേദി പങ്കിടുകയും ചെയ്തു. 

1993ൽ ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർഥിക്കായി പ്രചാരണം നടത്തിയ പിഡിപിയും മഅദനിയും 94ലെ ഗുരുവായൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പരാജയത്തിനു കാരണക്കാരായി. ലീഗ് നേതാവായിരുന്ന പി.എം.അബൂബക്കർ ഐഎൻഎലിൽ ചേർന്നതിനെത്തുടർന്നു രാജിവച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്. പതിറ്റാണ്ടിലേറെയായി ലീഗ് സ്ഥാനാർഥികൾ ജയിക്കുന്ന മണ്ഡലത്തിൽ സിപിഎം സ്വതന്ത്രനായി പി.ടി.കുഞ്ഞുമുഹമ്മദിനെ മത്സരിപ്പിച്ചു. എം.പി.അബ്ദുസ്സമദ് സമദാനിയായിരുന്നു ലീഗ് സ്ഥാനാർഥി. പിഡിപി സ്ഥാനാർഥി കെ.എ.ഹസനു വേണ്ടി മണ്ഡലം ഇളക്കിമറിച്ച മഅദനിയുടെ പ്രധാന ഉന്നം ലീഗായിരുന്നു. ഫലം വന്നപ്പോൾ സമദാനി 2052 വോട്ടിനു തോറ്റു. പിഡിപി സ്ഥാനാർഥി നേടിയത് 14,354 വോട്ട്. പിഡിപി ചോർത്തിയതു ലീഗ് വോട്ടായിരുന്നുവെന്നു കണക്കുകളിൽ വ്യക്തം. 

ലീഗിനു ബദലായി പിഡിപി ഉൾപ്പെടെയുള്ളവയെ വളർത്താൻ ശ്രമിച്ചതു സിപിഎമ്മാണ്. അതിന്റെ നാണക്കേടു മറയ്ക്കാനാണു പുതിയ ആരോപണം. ജമാഅത്തെ ഇസ്‌ലാമി ഭീകരസംഘടനയാണെന്ന അഭിപ്രായം ലീഗിനില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവർ സഹായിച്ചിട്ടുണ്ട്. നേരത്തേ സിപിഎം പരസ്യമായി ജമാഅത്തെ ഇസ്‌ലാമിയുടെ സഹായം സ്വീകരിച്ചിട്ടുണ്ട്. എസ്ഡിപിഐയുമായി ലീഗ് ഒരിക്കലും സഖ്യം ചേർന്നിട്ടില്ല. 

സിപിഎം ഇപ്പോൾ ഭൂരിപക്ഷപ്രീണനം നടത്തുന്നതുകൊണ്ടാണ് പിഡിപിയെ തള്ളിപ്പറഞ്ഞതും പി.ജയരാജൻ പുസ്തകം പ്രസിദ്ധീകരിച്ചതും. മഅദനിക്കുവേണ്ടി പിണറായി വിജയൻ വേദിയിൽ കാത്തിരുന്നിട്ടുണ്ട്. മൂന്നു പതിറ്റാണ്ട് ജമാഅത്തെ ഇസ്‌ലാമിയെ പ്രീണിപ്പിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിഎഎയെക്കുറിച്ചായിരുന്നു പ്രസംഗം മുഴുവൻ. അതു വിജയിക്കാതെ വന്നപ്പോഴാണു ഭൂരിപക്ഷ പ്രീണനം.  

ദേശവ്യാപകമായി ഇസ്‌ലാമിക രാഷ്ട്രം വേണമെന്ന ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐയുടെയും തീവ്രവാദ വർഗീയതയോടു ചേർന്നുനിൽക്കുന്ന നിലപാടാണു ലീഗ് സ്വീകരിക്കുന്നത്. ലീഗിന്റെ മതനിരപേക്ഷ ഉള്ളടക്കത്തിനു മുകളിൽ ഈ സംഘടനകൾക്കു സ്വാധീനം കിട്ടുന്നുവെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ വ്യക്തമായി. 

പിഡിപി വർഗീയ പാർട്ടിയാണെന്നും അവരുമായി ബന്ധം പാടില്ലെന്നും സിപിഐ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. ഒരു സമുദായത്തിലെയും തീവ്രധാരയുമായി സിപിഐക്ക് അടുപ്പമില്ല. 

English Summary:

CPM changed stand against PDP and Jamaat-e-Islami

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com