വിദേശ എംബിബിഎസ് നേടി കേരളത്തിൽ പ്രാക്ടിസ്; ഡോക്ടർമാരുടെ എണ്ണത്തിൽ വർധന
Mail This Article
തിരുവനന്തപുരം∙ വിദേശത്ത് എംബിബിഎസ് ബിരുദം നേടി കേരളത്തിൽ പ്രാക്ടിസ് ചെയ്യുന്ന ഡോക്ടർമാരുടെ എണ്ണം കഴിഞ്ഞ 10 വർഷത്തിനിടെ വർധിച്ചു. മെഡിക്കൽ കൗൺസിലിന്റെ 2002 മുതൽ 2024 വരെയുള്ള കണക്കിൽ വിദേശത്തുനിന്ന് എംബിബിഎസ് പഠനം കഴിഞ്ഞ് ഓൾ ഇന്ത്യ മെഡിക്കൽ കൗൺസിലിന്റെ എലിജിബിലിറ്റി ടെസ്റ്റ് പാസായി കേരളത്തിൽ പ്രാക്ടിസ് ചെയ്യുന്നവർ 3750 പേരാണ്.
10 വർഷത്തിനിടെയാണു കൂടുതൽ പേരും വിദേശത്ത് പോയി തിരിച്ചെത്തി പ്രാക്ടിസ് തുടങ്ങിയത്. 2464 പേർ. പക്ഷേ, ഇതിന്റെ അഞ്ചിരട്ടി വിദ്യാർഥികളെങ്കിലും വിജയിക്കാതെയും എലിജിബിലിറ്റി ടെസ്റ്റ് പാസാകാതെയും എത്തിയിട്ടുണ്ട്. വിദേശത്തുനിന്ന് വ്യാജ സർട്ടിഫിക്കറ്റുകൾ നേടിയും പഠനം പൂർത്തിയാക്കാതെയും എത്തി പ്രാക്ടിസ് ചെയ്ത വ്യാജ ഡോക്ടർമാർ കൂടിയതോടെ 2002ലാണു കേന്ദ്രസർക്കാർ എലിജിബിലിറ്റി ടെസ്റ്റ് നടപ്പാക്കിയത്.
മോഡേൺ മെഡിസിനിൽ 99,033 ഡോക്ടർമാരും ആയുർവേദ വിഭാഗത്തിൽ 29,349 പേരും ഹോമിയോ വിഭാഗത്തിൽ 15,649 ഡോക്ടർമാരുമാണു റജിസ്റ്റർ ചെയ്തു കേരളത്തിൽ പ്രാക്ടിസ് ചെയ്യുന്നത്.
രാജ്യത്തുനിന്ന് കൂടുതൽപേർ എംബിബിഎസ് പഠനത്തിനു പോകുന്നതു പഴയ സോവിയറ്റ് യൂണിയനിലെ രാജ്യങ്ങളിലേക്കാണ്. റഷ്യ,ജോർജിയ,കസഖ്സ്ഥാൻ,കിർഗിസ്ഥാൻ,ഉസ്ബെക്കിസ്ഥാൻ,ബെലാറൂസ് എന്നിവിടങ്ങളിലേക്കാണു കേരളത്തിൽനിന്ന് കൂടുതൽപേർ എംബിബിഎസ് പഠനത്തിനു പോകുന്നത്.
യുക്രെയ്നിൽ യുദ്ധം തുടങ്ങിയ ശേഷം അവിടേക്കു പോകുന്നവർ കുറഞ്ഞു. ചൈനയിലേക്ക് പോകുന്നവരുടെ എണ്ണവും കുറഞ്ഞു. കോവിഡ് കാരണം വന്നവരുടെ കോഴ്സ് പൂർത്തിയാക്കാൻ ചൈനയുടെ നിയമങ്ങൾ എതിരായതോടെയാണു അവിടേക്കുള്ള പ്രവേശനം കുറഞ്ഞത്.
രാജ്യത്തുനിന്ന് മറ്റു കോഴ്സുകൾ പഠിക്കാൻ പോയ വിദ്യാർഥികളുടെ എണ്ണം 2022ൽ 7.5 ലക്ഷവും 2023ൽ 13 ലക്ഷവുമാണ്. കേരളത്തിൽനിന്ന് മറ്റു കോഴ്സുകളിൽ വിദേശ പഠനത്തിനു പോയത് 2022ൽ 32,000 പേരും 2023ൽ 45,000 വിദ്യാർഥികളുമാണ്. 2021നു ശേഷം മെഡിക്കൽ കൗൺസിലിന്റെ വ്യാജ സർട്ടിഫിക്കറ്റുമായി കേരളത്തിൽ പ്രാക്ടിസ് ചെയ്ത 4 വ്യാജ ഡോക്ടർമാരുണ്ട്. ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.