തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്ന പ്രസ്താവനയിൽ വിവാദം; മുഖ്യമന്ത്രിയെ തള്ളി സിപിഐ
Mail This Article
തിരുവനന്തപുരം ∙ തൃശൂർ പൂരം കലക്കിയതിൽ സർക്കാർ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരിക്കെ, പൂരം കലങ്ങിയിട്ടില്ലെന്നും വെടിക്കെട്ട് അൽപം വൈകിയതു മാത്രമാണ് ആകെ പ്രശ്നമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയെച്ചൊല്ലി വിവാദം. പൂരം കലക്കിയതിനു പിന്നിലെ ഗൂഢാലോചനയിൽ ആർഎസ്എസിനു പങ്കുണ്ടെന്നും അക്കാര്യം അന്വേഷിക്കണമെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുന്ന സിപിഐ, മുഖ്യമന്ത്രിയെ തള്ളി രംഗത്തുവന്നു. പൂരം കലങ്ങുക മാത്രമല്ല, നടത്തേണ്ടതുപോലെ നടത്താൻ സമ്മതിച്ചില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
രാവിലെ എഴുന്നള്ളിപ്പു തുടങ്ങുന്ന സമയം മുതൽ പല രീതിയിലുള്ള തടസ്സങ്ങൾ സൃഷ്ടിക്കപ്പെട്ടുവെന്നു തിരുവമ്പാടി ദേവസ്വവും പൂരം ചിട്ടയായി നടക്കുന്നതിൽ വലിയ വീഴ്ച സംഭവിച്ചെന്നു പാറമേക്കാവ് ദേവസ്വവും പ്രതികരിച്ചു. തൃശൂരിൽ തങ്ങളുടെ സ്ഥാനാർഥിയുടെ തോൽവിക്കു കാരണമായെന്നു സിപിഐ ഉറച്ചുവിശ്വസിക്കുന്ന സംഭവത്തെയാണു നടന്നിട്ടുപോലുമില്ലെന്ന നിലയിൽ മുഖ്യമന്ത്രി നിസ്സാരവൽക്കരിച്ചത്. എഡിജിപി എം.ആർ.അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയിൽനിന്നു നീക്കുകയും ത്രിതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തതോടെ പൂരംവിവാദം കെട്ടടങ്ങിയെന്ന് ഇടതുകേന്ദ്രങ്ങൾ ആശ്വസിച്ചിരിക്കെയാണ്, മുഖ്യമന്ത്രി വിഷയം കുത്തിപ്പൊക്കിയത്.
കേസെടുത്ത് പൊലീസ്
പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് ഒടുവിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ (എസ്ഐടി) ഉദ്യോഗസ്ഥന്റെ പരാതിയിലാണു തൃശൂർ ഈസ്റ്റ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ഗൂഢാലോചന, മതപരമായ ആഘോഷം തടസ്സപ്പെടുത്തൽ, രണ്ടു വിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയത്. എന്നാൽ ആരെയും പ്രതിചേർത്തിട്ടില്ല. പൂരം കലക്കിയതുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്യുന്ന ആദ്യ കേസാണിത്.