കോഴവിവാദം: കൂടിക്കാഴ്ചയ്ക്കു നോക്കി, നടന്നില്ല; തോമസിനെ കാണാതെ മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം ∙ കൂറുമാറ്റത്തിനു സഹ എംഎൽഎമാർക്കു കോഴ വാഗ്ദാനം ചെയ്തെന്ന പരാതിയിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന തോമസ് കെ.തോമസിനു മുഖം കൊടുക്കാതെ മുഖ്യമന്ത്രി. ഞായറാഴ്ച ആലപ്പുഴയിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രിയെ കാണാൻ തോമസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ജില്ലയിലെ മറ്റു ചില എംഎൽഎമാരെ പിണറായി കാണുകയും ചെയ്തു. അനുമതി നിഷേധിച്ചിട്ടില്ലെന്നും എംഎൽഎ ആയ തനിക്കു മുഖ്യമന്ത്രിയെ കാണാൻ എന്താണു പ്രയാസമെന്നും ആയിരുന്നു തോമസിന്റെ പ്രതികരണം.
എംഎൽഎമാരായ ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും എൻസിപി അജിത് പവാർ പക്ഷത്തേക്കു മാറാനായി കോഴ വാഗ്ദാനം ചെയ്തെന്ന പരാതി ലഭിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഈ നിലപാട്. പരാതി എൻസിപി നേതൃയോഗത്തിൽ ചർച്ച ചെയ്തെന്ന ഇന്നലത്തെ ‘മനോരമ’ വാർത്ത തോമസ് കെ.തോമസ് ആലപ്പുഴയിൽ സമ്മതിച്ചു.
Q എൻസിപി നേതൃയോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നതല്ലേ?
അതെ.
Q ‘മനോരമ’യിൽ ഈ വാർത്ത വരുന്നതിനു മുൻപായിരുന്നല്ലോ നേതൃയോഗം? പിന്നെ എവിടെനിന്നു താങ്കൾക്ക് അപ്പോൾ ഈ വാർത്ത കിട്ടി?
എവിടെ നിന്നു കിട്ടിയെന്നോ? കിട്ടാതെ എങ്ങനെയാണു ഞാൻ പറയുന്നത്. ഞങ്ങൾക്കു കിട്ടിയതു കൊണ്ടല്ലേ പാർട്ടിയിൽ അതു ചർച്ച ചെയ്തത്?
Q മുഖ്യമന്ത്രിയല്ലേ അതെക്കുറിച്ചു പറഞ്ഞത് ?
അല്ലാതെ വേറെ ആരാണു പറയാനിരിക്കുന്നത്? എന്നോടല്ല ചോദിച്ചത്, സംസ്ഥാന പ്രസിഡന്റിനോടാണ്. മുഖ്യമന്ത്രിയുടെ അടുത്തു കാര്യങ്ങളെത്തുമ്പോൾ സംശയങ്ങൾ വന്നാൽ ചോദിക്കണമല്ലോ.
പ്രതികരിക്കാതെ പി.സി.ചാക്കോ
പാർട്ടിയെ വലിയ പ്രതിസന്ധിയിലേക്കു തള്ളിവിട്ട ഈ വിഷയത്തിൽ സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ ഇതുവരെ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിക്കു കത്തു കൊടുക്കുമെന്ന് തോമസ് 3 ദിവസം മുൻപു പറഞ്ഞെങ്കിലും അതു കൈമാറിയിട്ടില്ല. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ എ.കെ.ശശീന്ദ്രനെ രാജിവയ്പിക്കാനുളള സമ്മർദമാണ് തോമസ് കെ.തോമസ് നടത്തുന്നത്. അതിനു കഴിഞ്ഞാൽ എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ ഇടപെടുത്താൻ കഴിയുമെന്നാണു പ്രതീക്ഷ.