കെഎസ്ഇബിയോട് റഗുലേറ്ററി കമ്മിഷൻ: കാലതാമസം മൂലം അധികച്ചെലവ് വന്നാൽ നിരക്ക് കൂട്ടാൻ പറ്റില്ല
Mail This Article
തിരുവനന്തപുരം ∙ പദ്ധതികൾ നടപ്പാക്കുന്നതിൽ കെഎസ്ഇബി വരുത്തുന്ന അനാവശ്യമായ കാലതാമസം കാരണം പദ്ധതികളുടെ ചെലവ് വർധിച്ചാൽ അതു വൈദ്യുതി നിരക്കിലൂടെ ഈടാക്കാൻ അനുവദിക്കില്ലെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ. പദ്ധതികൾ വൈകുന്നത് ഒഴിവാക്കാൻ കെഎസ്ഇബി നടപടിയെടുക്കണം. പുതിയ ജല വൈദ്യുത പദ്ധതികൾ നിർമിക്കുമ്പോൾ മഴക്കാലത്ത് സാധാരണ നിലയിലും വേനൽക്കാലത്ത് പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളായും (പിഎസ്പി) ഉപയോഗിക്കാവുന്ന ഹൈബ്രിഡ് മാതൃക സാധ്യമാണോയെന്നു പരിശോധിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.
2022– 27 നിയന്ത്രണ കാലയളവിലെ മൂലധന നിക്ഷേപ പദ്ധതികൾക്ക് അനുമതി നൽകിയുള്ള ഉത്തരവിലാണ് പദ്ധതികൾ നടപ്പാക്കാനുള്ള മാർഗനിർദേശങ്ങൾ കെഎസ്ഇബിക്കു കമ്മിഷൻ നൽകിയത്. വിഭവസമാഹരണം, ചെലവുനിയന്ത്രിക്കൽ, മുടക്കമില്ലാത്ത ധനലഭ്യത എന്നിവ ഉറപ്പാക്കാൻ പദ്ധതികളിൽ കെഎസ്ഇബി ധനവിഭാഗത്തെ ഉൾപ്പെടുത്തണം. വനം, റവന്യു അധികാരികളിൽ നിന്നു സമയബന്ധിതമായി അനുമതികൾ നേടാൻ ലെയ്സൻ ഓഫിസർമാരെ നിയമിക്കണം. പദ്ധതികൾ കൃത്യമായി വിലയിരുത്താനും വേണ്ട മാറ്റം വരുത്താനും പ്രതിമാസ നിരീക്ഷണ സംവിധാനം വേണം.
കൃത്യതയോടെയും ചെലവു ചുരുക്കിയും പദ്ധതി പൂർത്തിയാക്കാൻ സമയോചിതമായി തീരുമാനമെടുക്കണം. പ്രധാന മൂലധന ജോലികളുടെ പുരോഗതി പൊതുസ്ഥലങ്ങളിൽ പ്രസിദ്ധീകരിക്കണം. ഒരു വൈദ്യുതപദ്ധതി നടപ്പാക്കുന്ന പ്രദേശത്തു തന്നെ സമാന്തരമായി സോളർ, കാറ്റ് തുടങ്ങിയവയിൽ നിന്നുൾപ്പെടെ മറ്റു പുനരുപയോഗ വൈദ്യുതി ഉൽപാദനത്തിനു സൗകര്യം സൃഷ്ടിച്ച് പദ്ധതികൾ കൂടുതൽ പ്രായോഗികമാക്കണമെന്നും നിർദേശമുണ്ട്.