നവജാതശിശുവിന്റെ മരണം കൊലപാതകം: അമ്മയും മാതാപിതാക്കളും പിടിയിൽ
Mail This Article
നെടുങ്കണ്ടം ∙ രണ്ടരമാസം മുൻപു മുത്തശ്ശിയോടൊപ്പം കാണാതായ നവജാതശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. കുഞ്ഞിന്റെ അമ്മയും അമ്മയുടെ മാതാപിതാക്കളും അറസ്റ്റിൽ.
ചെമ്മണ്ണാർ പുത്തൻപുരയ്ക്കൽ ചിഞ്ചു (27), ചിഞ്ചുവിന്റെ മാതാപിതാക്കളായ ശലോം (64), ഫിലോമിന (56) എന്നിവരെയാണ് ഉടുമ്പൻചോല പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രി കുഞ്ഞിന്റെ കരച്ചിൽ കേട്ട് അസ്വസ്ഥയായ ചിഞ്ചു കുഞ്ഞിനെ ഭിത്തിയിൽ ഇടിക്കുകയായിരുന്നുവെന്നും കുഞ്ഞിന് അനക്കമില്ലെന്നു കണ്ടതോടെ ഫിലോമിനയും ശലോമും ചേർന്നു കഥ മെനയുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
56 ദിവസം പ്രായമായ ആൺകുഞ്ഞിനെ മരിച്ചനിലയിലും സമീപം ഫിലോമിനയെ അവശനിലയിലും വീടിനു സമീപത്തെ ഏലത്തോട്ടത്തിൽ ഓഗസ്റ്റ് 16നാണു കണ്ടെത്തിയത്. പുലർച്ചെ നാലോടെ ഫിലോമിനയെയും കുഞ്ഞിനെയും കാണാതായെന്നാണു ശലോം പറഞ്ഞിരുന്നത്. പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ രാവിലെ എട്ടോടെയാണ് ഇരുവരെയും കണ്ടെത്തിയത്. തലയ്ക്കേറ്റ ക്ഷതമാണു മരണകാരണമെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.