നീലേശ്വരം വെടിക്കെട്ടപകടം: ഒരാൾകൂടി അറസ്റ്റിൽ
Mail This Article
നീലേശ്വരം (കാസർകോട്) ∙ അഞ്ഞൂറ്റമ്പലം വീരർകാവിലെ വെടിക്കെട്ടപകടത്തിൽ പരുക്കേറ്റ് കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ കഴിയുന്ന ഒരാളുടെ നില അതീവഗുരുതരമായി തുടരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന 9 പേർ അപകടനില തരണം ചെയ്തു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
തൈക്കടപ്പുറത്തെ കെ.വി.വിജയനെയാണ് (62) അറസ്റ്റ് ചെയ്തത്. ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ, പി.രാജേഷ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്യുകയും പി.വി.ഭാസ്കരൻ, തമ്പാൻ, ബാബു, ചന്ദ്രൻ, ശശി എന്നിവരെ പ്രതിപ്പട്ടികയിൽ ചേർക്കുകയും ചെയ്തിരുന്നു. പ്രതികൾക്കെതിരെ വധശ്രമക്കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. ഇന്നലെ അറസ്റ്റിലായ കെ.വി.വിജയന്റെ കൈവിരലുകൾ 14 വർഷം മുൻപ് ഇതേ ക്ഷേത്രത്തിൽ കളിയാട്ടത്തിന്റെ വെടിക്കെട്ടിനു തീകൊളുത്തുമ്പോൾ അറ്റുപോയതാണ്. ഇത്തവണ ഇയാൾ പടക്കത്തിന് തീ കൊളുത്തുമ്പോൾ ക്ഷേത്രക്കമ്മിറ്റി വിലക്കിയിരുന്നു. പിന്നീടാണ് രാജേഷ് തീകൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ചികിത്സച്ചെലവ് സർക്കാർ വഹിക്കും
തിരുവനന്തപുരം∙ നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സച്ചെലവ് സർക്കാർ വഹിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം.