ADVERTISEMENT

നീലേശ്വരം (കാസർകോട്) ∙ വെടിക്കെട്ടിനു വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എഡിഎമ്മിന്റെ (അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട്) ഡിസ്പ്ലേ ഓഫ് ഫയർവർക്സ് ലൈസൻസ് നിർബന്ധമാണ്. എന്നാൽ വീരർകാവ് ക്ഷേത്രത്തിൽ വെടിക്കെട്ടിനായി ആരും അപേക്ഷ നൽകിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. വെടിക്കെട്ടു നടത്തുന്ന കാര്യം അഗ്നിരക്ഷാസേനയെയും പൊലീസിനെയും ഔദ്യോഗികമായി അറിയിക്കുന്നതിലും ക്ഷേത്രഭാരവാഹികൾക്കു വീഴ്ചയുണ്ടായി

ഡിസ്പ്ലേ ഓഫ് ഫയർവർക്സ് ലൈസൻസ് പ്രകാരം വെടിക്കെട്ട് നടക്കുന്നിടത്തുനിന്ന് 100 മീറ്റർ അകലെ മാത്രമേ കാണികൾ പാടുള്ളൂ. കാണികളെ ബാരിക്കേഡ് കെട്ടി അകറ്റിനിർത്തണമെന്നും നിർദേശമുണ്ട്. വെടിക്കെട്ടു നടക്കുന്നിടത്തുനിന്ന് 45 മീറ്റർ അകലെ പ്രത്യേക സ്ഥലത്തുവേണം വെടിമരുന്ന് ഉൽപന്നങ്ങൾ സൂക്ഷിക്കാൻ. വീരർകാവിൽ ഈ മാനദണ്ഡങ്ങളൊന്നും പാലിച്ചില്ല.

ജനക്കൂട്ടത്തിനു തൊട്ടരികിലാണു വെടിക്കെട്ടു നടത്തിയത്. പിറ്റേന്നത്തേക്കുള്ള പടക്കവും ഗുണ്ടും സൂക്ഷിച്ചത് ഒന്നര മീറ്റർ മാത്രം മാറിയുള്ള കെട്ടിടത്തിലും. അപകടകരമായ രീതിയിൽ പടക്കം പൊട്ടിക്കുന്നതിനെ പലരും ചോദ്യം ചെയ്തെങ്കിലും അതൊന്നും വകവച്ചില്ല.

സംഘാടകർക്ക് ഗുരുതരവീഴ്ച

നീലേശ്വരം (കാസർകോട്) ∙ കേസിലെ 8 പ്രതികൾ ലൈസൻസും അനുമതിയുമില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും അശ്രദ്ധമായി വെടിക്കെട്ടു കൈകാര്യം ചെയ്തതാണ് അപകട കാരണമെന്ന് എഫ്ഐആറിൽ പറയുന്നു.

∙ ചൈനീസ് പടക്കങ്ങൾ പൊട്ടിക്കുന്നതിന് അനുമതി വേണ്ട. എന്നാൽ, ചൈനീസ് പടക്കങ്ങൾക്കുപുറമേ ഗുണ്ട്, അമിട്ട്, വലിയ ഓലപ്പടക്കം എന്നിവയും ഉപയോഗിച്ചു.

∙ സാധാരണ കാവിനടുത്താണു വെടിക്കെട്ട് നടത്തുക. സ്ഫോടനം നടന്ന മുറിയിൽ വെടിമരുന്നു സൂക്ഷിച്ച കാര്യം അവിടെ കൂടിനിന്ന പലരും അറിഞ്ഞില്ല.

∙മുന്നൊരുക്കങ്ങളില്ലാത്തതിനാൽ പൊള്ളലേറ്റവരെ ആശുപത്രിയിൽ എത്തിക്കാനുള്ള സംവിധാനമുണ്ടായില്ല. ആംബുലൻസ് അടക്കമുള്ളവ എത്താൻ വൈകി.

അന്നദാനത്തിനുള്ള ഭക്ഷണം കുഴിച്ചുമൂടി

നീലേശ്വരം ∙ ഉത്സവത്തോടനുബന്ധിച്ച് അന്നദാനത്തിന് 7,000 പേർക്കുള്ള ഭക്ഷണമാണ് തയാറാക്കിവച്ചത്. അപകടത്തെത്തുടർന്ന് അന്നദാനം മുടങ്ങിയതോടെ ഭക്ഷണം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കുഴിച്ചുമൂടി. കറികളെല്ലാം ഒരുക്കിക്കഴിഞ്ഞപ്പോഴാണ് അപകടം. ആരോഗ്യവകുപ്പ് അധികൃതർ നഗരസഭയുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്.

neeleswaram-temple-fire-accident-details
English Summary:

Fireworks disaster in Nileswaram temple did not follow instructions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com