വ്യാജ പ്രൊഫൈൽ വഴി ഹണിട്രാപ്: അശ്വതിക്ക് എതിരെ വീണ്ടും കേസ്
Mail This Article
തിരുവനന്തപുരം∙ പൊലീസുകാരെ ഉൾപ്പെടെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസുകളിൽ പ്രതിയായ കൊല്ലം സ്വദേശി അശ്വതി അച്ചുവിന് എതിരെ വീണ്ടും കേസ്. അശ്വതി , സുഹൃത്തായ പൊലീസുകാരൻ രാജേഷ് എന്നിവർക്കെതിരെയാണ് പുനലൂർ സ്വദേശിയായ ബിസിനസുകാരന്റെ പരാതിയിൽ മെഡിക്കൽകോളജ് പൊലീസ് കേസ് എടുത്തത്.
സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി ആളെ കുടുക്കുന്ന പതിവു രീതിയിൽ അടുപ്പമുണ്ടാക്കിയ ശേഷം വാടകയ്ക്കു താമസിക്കാൻ ഫ്ലാറ്റ് തരപ്പെടുത്തി നൽകണമെന്ന് പുനലൂർ സ്വദേശിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് ഇയാൾ അശ്വതിയെയും കൂട്ടി സുഹൃത്തിന്റെ കുമാരപുരത്തുള്ള ഫ്ലാറ്റ് കാണിക്കാൻ എത്തി. ഈ സമയം മനഃപൂർവം അടുപ്പം കാട്ടി അശ്വതി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി.
കാറിൽ മടങ്ങിപ്പോകും വഴി അശ്വതി ഇയാളോടു 2 ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതോടെ ബിസിനസുകാരൻ കൈവശമുണ്ടായിരുന്ന 25,000 രൂപ നൽകി. പിന്നീട് ബാക്കി തുക ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തുകയും പണം കിട്ടാതായപ്പോൾ പൊലീസ് ഉദ്യോഗസ്ഥനായ രാജേഷിനെ കൊണ്ട് ഫോണിൽ വിളിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് പരാതി നൽകിയത്.
പൂവാർ സ്വദേശിയായ മധ്യവയസ്കനു വിവാഹവാഗ്ദാനം നൽകി 40,000 രൂപ തട്ടിയെടുത്ത കേസിൽ അശ്വതിയെ പൂവാർ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് തലസ്ഥാനത്തെ ഒരു ജനപ്രതിനിധിയുമായി നടത്തിയത് എന്ന് ആരോപിക്കപ്പെട്ട ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നത് വിവാദമായിരുന്നു.