ഇടുക്കി ഡീലേഴ്സ് സഹകരണ സൊസൈറ്റി സെക്രട്ടറി അറസ്റ്റിൽ
Mail This Article
നെടുങ്കണ്ടം ∙ ഇടുക്കി ഡീലേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തികത്തട്ടിപ്പിൽ സെക്രട്ടറിയെ ഇടുക്കി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സൊസൈറ്റിയുടെ കുമളി ബ്രാഞ്ചിലെ തട്ടിപ്പിൽ പങ്കുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണു തൂക്കുപാലം സ്വദേശി എൻ.പി.സിന്ധുവിനെ (52) അറസ്റ്റ് ചെയ്തത്.
കുമളി ശാഖയിൽ നടന്ന 1.28 കോടി രൂപയുടെ തിരിമറിയിൽ ഇവർക്കു പങ്കുണ്ടെന്നാണു കണ്ടെത്തൽ. കോൺഗ്രസ് ഭരിക്കുന്ന സൊസൈറ്റിയാണിത്. സൊസൈറ്റി മുൻ മാനേജർ ചക്കുപള്ളം തുണ്ടത്തിൽ വൈശാഖ് മോഹനനെ ക്രൈംബ്രാഞ്ച് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പുതിയ ഭരണസമിതി അധികാരമേറ്റശേഷം നടത്തിയ പ്രാഥമിക പരിശോധനയിൽ ലക്ഷങ്ങളുടെ തിരിമറി കണ്ടെത്തിയിരുന്നു. തുടർന്നു ഭരണസമിതി നൽകിയ പരാതിയിൽ കുമളി പൊലീസ് കേസെടുത്തു. കേസ് പിന്നീടു ക്രൈംബ്രാഞ്ചിനു കൈമാറി.
വ്യാജപ്പേരിൽ ചിട്ടി ചേർന്നു ലക്ഷക്കണക്കിനു രൂപയുടെ തിരിമറി നടത്തിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് ഇപ്പോഴത്തെ അറസ്റ്റ്. ക്രമക്കേടുകളിൽ മുൻ ഭരണസമിതി അംഗങ്ങളുടെ ഇടപെടലിനെക്കുറിച്ചു ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.