മൂന്നിലൊന്ന് വൃക്ഷസമ്പത്ത് വംശനാശ ഭീഷണിയിൽ: ഐയുസിഎൻ ആഗോള വൃക്ഷസർവേ
Mail This Article
പത്തനംതിട്ട ∙ ലോകത്തെ മൂന്നിലൊന്നു വൃക്ഷസമ്പത്തും നിലനിൽപുഭീഷണി നേരിടുന്നതായി രാജ്യാന്തര പരിസ്ഥിതിപാലന സംഘടനയായ ഐയുസിഎന്നിന്റെ മുന്നറിയിപ്പ്. ഗവേഷകർ ഇതിനകം തിരിച്ചറിഞ്ഞു രേഖപ്പെടുത്തിയ 1,66,061 വൃക്ഷങ്ങളിൽ 46,337 എണ്ണവും സംരക്ഷിച്ചില്ലെങ്കിൽ കുറ്റിയറ്റുപോകുന്ന സ്ഥിതിയിലാണെന്നു സംഘടന പുറത്തിറക്കിയ ആദ്യ ആഗോള വൃക്ഷ കണക്കെടുപ്പിൽ പറയുന്നു.
കൊളംബിയയിൽ ആരംഭിച്ച പതിനാറാമതു ജൈവവൈവിധ്യ സമ്മേളനത്തിലാണു പഠനഫലം പുറത്തുവിട്ടത്. ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ വംശനാശപ്പട്ടിക പ്രസിദ്ധീകരണം ആരംഭിച്ചതിന്റെ 60–ാം വർഷം പ്രമാണിച്ചാണു വൃക്ഷക്കണക്കെടുപ്പു നടത്തിയതെന്നു ഡയറക്ടർ ജനറൽ ഡോ. ഗ്രഥേൽ ഓഗിലാൽ പറഞ്ഞു.
ലോകത്തെ ജൈവവൈവിധ്യ കലവറയായ തെക്കേ അമേരിക്കയിൽ 3356 ഇനം മരങ്ങളാണു വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്. പക്ഷികൾ, വന്യജീവികൾ എന്നിവയെക്കാൾ കൂടുതൽ വംശനാശഭീഷണിത്തോത് വൃക്ഷവൈവിധ്യത്തിനാണ്– 38%. 1000 ശാസ്ത്രജ്ഞർ ചേർന്ന് 192 രാജ്യങ്ങളിലെ 47,282 വൃക്ഷങ്ങളെപ്പറ്റി നടത്തിയ പഠനത്തിൽ അതിൽ 16,425 എണ്ണവും സമീപഭാവിയിൽത്തന്നെ ഇല്ലാതായേക്കാവുന്ന നിലയിലാണെന്നു ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ ഉൾപ്പെടെ മധ്യരേഖാപ്രദേശത്തു ചുഴലിക്കാറ്റും കടലേറ്റവും മൂലം പല മരങ്ങളും വംശമറ്റുപോകുന്ന സ്ഥിതിയാണ്. മരങ്ങളില്ലെങ്കിൽ ലോകത്തിന്റെ ജൈവസന്തുലനം ഇല്ലാതാകുമെന്നതിനാൽ വൃക്ഷനയം സംബന്ധിച്ചു കരാറുകൾ നടപ്പാക്കാനാണ് ഐയുസിഎൻ ശ്രമം.