എംഎൽഎമാരെ കൂറുമാറ്റാൻ 100 കോടി വാഗ്ദാനം: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്തു നൽകി
Mail This Article
തിരുവനന്തപുരം∙ എംഎൽഎമാരെ കൂറുമാറ്റാൻ തോമസ് കെ. തോമസ് 100 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എൻസിപി (അജിത് പവാർ) സംസ്ഥാന പ്രസിഡന്റ് എൻ.എ.മുഹമ്മദുകുട്ടി മുഖ്യമന്ത്രിക്കു കത്തയച്ചു. കൂറുമാറ്റ നീക്കം അജിത് പവാർ പക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. വിവാദം പാർട്ടിക്കും പ്രവർത്തകർക്കും മനോവേദനയുണ്ടാക്കി. വിവാദം എന്തിനു വേണ്ടിയായിരുന്നു, അതിനു പിന്നിൽ ആരൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ പുറത്തുവരേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും.
പാർട്ടി നേതാക്കൾക്കെതിരെ ആരോപണമുയരുമ്പോൾ പാർട്ടിതല അന്വേഷണം നടത്തുകയെന്ന സിപിഎം ശൈലിയിലേക്ക് എൻസിപി (ശരദ് പവാർ) മാറി. മുഖ്യമന്ത്രി, എംഎൽഎമാരായ ആന്റണി രാജു, കോവൂർ കുഞ്ഞുമോൻ, തോമസ് കെ. തോമസ് എന്നിങ്ങനെ വിവിധ പാർട്ടികളിലുള്ളവരിൽ നിന്നു മൊഴിയെടുത്ത് അന്വേഷണം നടത്താൻ പി.സി.ചാക്കോയുടെ അന്വേഷണ കമ്മിഷനു കഴിയുമോ? ഇത്തരമൊരു കമ്മിഷനെ നിയോഗിച്ച് എന്തിനാണു ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നത്? സ്വന്തം അജൻഡ നടപ്പാക്കാനാണു ചാക്കോ പുതിയ തന്ത്രവുമായി രംഗത്തുവന്നിരിക്കുന്നതെന്നും മുഹമ്മദുകുട്ടി ആരോപിച്ചു.