കൂറുമാറ്റക്കോഴ അന്വേഷണം: എൻസിപി കമ്മിഷൻ രണ്ട് എംഎൽഎമാരെ സമീപിക്കും
Mail This Article
തിരുവനന്തപുരം∙ തോമസ് കെ.തോമസ് എംഎൽഎക്കെതിരെയുള്ള കൂറുമാറ്റക്കോഴ ആരോപണം അന്വേഷിക്കുന്ന എൻസിപിയുടെ നാലംഗ കമ്മിഷൻ വിവാദത്തിൽ കക്ഷികളായ രണ്ട് എൽഡിഎഫ് എംഎൽഎമാരിൽ നിന്നു വിവരം ശേഖരിക്കാൻ ശ്രമിക്കും. ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), കോവൂർ കുഞ്ഞുമോൻ (ആർഎസ്പി–ലെനിനിസ്റ്റ്) എന്നിവരെയാകും പാർട്ടി കമ്മിഷൻ സമീപിക്കുക. എൻസിപി നിയോഗിച്ച ഒരു കമ്മിഷനുമായി സഹകരിക്കണോ എന്ന് ആ പാർട്ടിക്കു പുറത്തുള്ള എംഎൽഎമാർ തീരുമാനമെടുത്തിട്ടില്ല.
എൻസിപിയിൽ ഉണ്ടായ പിളർപ്പിനെ തുടർന്ന്, പാർട്ടിക്ക് ഭരണമുള്ള കേരളത്തിൽ ശക്തി സമാഹരിക്കാനായി ഏതാനും എംഎൽഎമാരെ ഒപ്പം കൂട്ടാൻ അജിത് പവാർ പക്ഷം ശ്രമിച്ചപ്പോൾ അതിനു വേണ്ടി പ്രവർത്തിച്ചെന്ന ആരോപണമാണ് തോമസ് കെ.തോമസ് നേരിടുന്നത്. ഈ വർഷം ആദ്യം നടന്ന നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും കോഴ വാഗ്ദാനം ചെയ്തെന്ന പരാതി മുഖ്യമന്ത്രിക്കു ലഭിച്ചു. ആന്റണി രാജു മന്ത്രിസ്ഥാനം ഒഴിഞ്ഞ സമയമായിരുന്നു അത്. കോവൂർ മന്ത്രിസ്ഥാനം കിട്ടാത്തതിൽ നിരാശനും. 50 കോടി രൂപ വരെ അജിത് പവാർ പക്ഷം നൽകാൻ സന്നദ്ധമാണെന്ന് ഇരുവരെയും തോമസ് അറിയിച്ചെന്ന വിവരമാണ് മുഖ്യമന്ത്രിക്കു കിട്ടിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് തോമസ് കെ.തോമസിന് മന്ത്രിസ്ഥാനം മുഖ്യമന്ത്രി നിരാകരിച്ചതെന്ന വിവരം ‘മലയാള മനോരമ’ പുറത്തു കൊണ്ടുവന്നിരുന്നു.
കോഴവിവാദം അന്വേഷിക്കാനായി നിയോഗിച്ച കമ്മിഷൻ ഈ സാഹചര്യത്തിലാണ് ആന്റണി രാജുവിനെയും കോവൂർ കുഞ്ഞുമോനെയും സമീപിക്കുന്നത്. അടുത്തയാഴ്ച തലസ്ഥാനത്ത് കമ്മിഷന്റെ സിറ്റിങ് നടത്തും. അവിടേക്ക് എത്തിച്ചേരാൻ കഴിയുമോ എന്ന് എംഎൽഎമാരോട് ചോദിക്കും. അല്ലെങ്കിൽ ഫോണിൽ വിവരം തേടാനാണ് ശ്രമം.
എൻസിപി സംസ്ഥാന ഭാരവാഹികളായ പി.എൻ.സുരേഷ് ബാബു, കെ.ആർ.രാജൻ, ജോബ് കാട്ടൂർ, ലതിക സുഭാഷ് എന്നിവരെയാണ് കമ്മിഷനായി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ നിയോഗിച്ചിരിക്കുന്നത്. തോമസിനെ വെള്ള പൂശാനുള്ള റിപ്പോർട്ടിനു വേണ്ടിയുള്ള നീക്കമാണ് നടക്കുന്നതെന്ന പ്രചാരണം എൻസിപിക്കുള്ളിൽ തന്നെയുണ്ട്.