നീലേശ്വരം വെടിക്കെട്ടപകടം: ഒരു തീപ്പൊരിയിൽ കത്തിയമർന്നു, ആഘോഷത്തിന്റെ തെയ്യാട്ടരാവ്
Mail This Article
നീലേശ്വരം (കാസർകോട്) ∙ രാത്രി 11.55 വരെ എല്ലാം പതിവുപോലെ; മൂവാളംകുഴി ചാമുണ്ഡിയുടെ തോറ്റംപാട്ടുകളാൽ ഭക്തിനിർഭരമായ കളിയാട്ടരാത്രി. പൊട്ടിക്കാനായി സൂക്ഷിച്ചുവച്ച പടക്കങ്ങൾ നിറഞ്ഞ മുറിയിലേക്കു തെറിച്ചുവീണ ഒരു തീപ്പൊരിയിൽ എല്ലാം മാറിമറിഞ്ഞു. പടക്കങ്ങൾ സൂക്ഷിച്ച മുറിയുടെ ഫൈബർ വാതിലുകളും ആസ്ബസ്റ്റോസ് ഷീറ്റും തകർത്തു വലിയ തീഗോളം ഉയർന്നു.
കളിയാട്ടത്തിന്റെ തുടക്കദിവസമായ തിങ്കളാഴ്ച വൈകിട്ട് 7നുതന്നെ തെയ്യാട്ടക്കാരുടെ തിടങ്ങൽ ആരംഭിച്ചു. രാത്രി 9ന് പടവീരൻ തെയ്യത്തിന്റെ വെള്ളാട്ടം സന്നിധിയിലെത്തി. ക്ഷേത്രത്തിലേക്കു ഭക്തർ എത്തിക്കൊണ്ടേയിരുന്നു. 2 മണിക്കൂറോളം നിറഞ്ഞാടിയ പടവീരൻ അണിയറയിലേക്കു നീങ്ങുമ്പോൾ സമയം രാത്രി 11 കഴിഞ്ഞു. പിന്നീട് ചൂളിയാർ ഭഗവതിയുടെ തോറ്റം. 11.20 ആയപ്പോഴേക്കും ഈ തോറ്റവും അണിയറയിലേക്ക്. ക്ഷേത്ര പരിസരം ജനനിബിഡം. ഇനി വരാനുള്ളത് ഉഗ്രപ്രതാപിയായ മൂവാളംകുഴി ചാമുണ്ഡിയുടെ തോറ്റമാണെന്ന് അറിഞ്ഞതോടെ ചെണ്ടമേളം മുറുകി. ചൈനീസ് പടക്കങ്ങൾ പൊട്ടിത്തുടങ്ങി. ഇലയിൽ ദീപവും തിരിയുംവാങ്ങി കോലധാരി വെള്ളാട്ടത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.
കച്ചചുറ്റി നിറഞ്ഞാടാൻ ഒരുങ്ങിയ ചാമുണ്ഡിയുടെ വെള്ളാട്ടം കാണാൻ ഭക്തർ തിക്കിത്തിരക്കി. വെടിക്കെട്ടിന്റെ ശബ്ദത്തിനൊപ്പം ചെണ്ടയുടെ താളവും. സമയം പന്ത്രണ്ടിനോടടുത്തു. പെട്ടെന്നാണ് ഉഗ്രസ്ഫോടനത്തോടെ അഗ്നിഗോളം ഉയർന്നത്. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം ആർക്കും മനസ്സിലായില്ല. ആർത്തനാദം ഉയർന്നു. തീപിടിച്ച ശരീരവുമായി ആളുകൾ ചിതറിയോടി.
പരുക്കേറ്റവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി. പരുക്കേറ്റവരുമായി ആംബുലൻസുകൾ കുതിച്ചു. ഇതിനിടയിൽ വാദ്യം ഒഴിവാക്കി വെള്ളാട്ടം ചടങ്ങുകൾ പൂർത്തീകരിച്ചു. അപ്പോഴേക്കും സമയം പുലർച്ചെ 2 കഴിഞ്ഞു. ഇതിനിടെ വിഷ്ണുമൂർത്തിയുടെ തോറ്റം സന്നിധിയിലെത്തി ചടങ്ങുകൾ പൂർത്തിയാക്കി മടങ്ങി. അപകടത്തിന്റെ പശ്ചാത്തലത്തിൽ കളിയാട്ടം തുടരണോ എന്നായി ആലോചന. കളിയാട്ടത്തിനായി തെയ്യാട്ടക്കാർക്കു കൊടുത്ത തെയ്യത്തെ തിരിച്ചു ക്ഷേത്രത്തിൽ എത്തിക്കണം. അതിനായി വിളക്കൂരി ചടങ്ങ് നടത്താൻ തെയ്യക്കാരായ അഞ്ഞുറ്റാനോടും കോതവർമനോടും ആവശ്യപ്പെട്ടു. പുലർച്ചെ 3.30ന് വിളക്കൂരി ചടങ്ങ് നടത്തി തെയ്യത്തെ ക്ഷേത്രത്തിലേക്കു തിരികെ എൽപിച്ച് അവർ മടങ്ങി.