നീലേശ്വരം വെടിക്കെട്ടപകടം: 10 പേരുടെ നില ഗുരുതരം; പരുക്കേറ്റവർ 154
Mail This Article
കാസർകോട് ∙ നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ തിങ്കളാഴ്ച അർധരാത്രി കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തിൽ പരുക്കേറ്റ 154 പേരിൽ 10 പേരുടെ നില ഗുരുതരം. ഇവർ കോഴിക്കോട് (4 പേർ), കണ്ണൂർ (5), മംഗളൂരു (1) എന്നിവിടങ്ങളിൽ ചികിത്സയിലാണ്.
ക്ഷേത്ര ഭാരവാഹികളടക്കം 8 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇതിൽ 3 പേരെ അറസ്റ്റ് ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ, പടക്കത്തിനു തീ കൊളുത്തിയ പി.രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. പി.വി.ഭാസ്കരൻ, തമ്പാൻ, ബാബു, ചന്ദ്രൻ, ശശി എന്നിവർക്കെതിരെ കേസുണ്ട്.
തിങ്കളാഴ്ച രാത്രി 11.55നു കുളിച്ചുതോറ്റം ചടങ്ങിനിടെ പടക്കം പൊട്ടിച്ചപ്പോഴാണ് തീപ്പൊരി തൊട്ടടുത്തുള്ള ഷെഡിന്റെ മേൽക്കൂരയുടെ വിടവിലൂടെ ഉള്ളിലേക്കു വീണത്. ഇന്നലെ തെയ്യമിറങ്ങുമ്പോൾ പൊട്ടിക്കാൻ സൂക്ഷിച്ചിരുന്ന പടക്കശേഖരമാണ് പൊട്ടിത്തെറിച്ചത്. വെടിക്കെട്ട് നടന്ന സ്ഥലവും പടക്കങ്ങൾ സൂക്ഷിച്ച ഷെഡും തമ്മിൽ ഒന്നര മീറ്റർ മാത്രമായിരുന്നു അകലം. തെയ്യക്കോലം കാണാൻ ഈ ഷെഡിന്റെ വരാന്തയിൽ സ്ത്രീകളും കുട്ടികളുമടക്കം തിങ്ങിനിറഞ്ഞിരുന്നു.
വെടിക്കെട്ടിന് എഡിഎമ്മിന്റെയോ പൊലീസിന്റെയോ അഗ്നിരക്ഷാസേനയുടെയോ അനുമതി വാങ്ങിയിരുന്നില്ല. എഡിഎം അന്വേഷിച്ച് റിപ്പോർട്ട് നൽകുമെന്നു കലക്ടർ കെ.ഇമ്പശേഖർ അറിയിച്ചു. പൊലീസിനു വീഴ്ചയുണ്ടായോയെന്നു പ്രത്യേക പൊലീസ് സംഘവും അന്വേഷിക്കും.