പൂരം: മുഖ്യമന്ത്രിയുടെ വാദം റിപ്പോർട്ടുകൾക്ക് കടകവിരുദ്ധം
Mail This Article
തിരുവനന്തപുരം ∙ തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്നു മുഖ്യമന്ത്രി തീർത്തുപറഞ്ഞതോടെ പൂരം കലക്കലുമായി ബന്ധപ്പെട്ടുള്ള ത്രിതല അന്വേഷണങ്ങളുടെ ഫലമെന്താവുമെന്നത് ചർച്ചയാവുന്നു. പൂരം വിഷയത്തിൽ മുഖ്യമന്ത്രി വിധി പറഞ്ഞുകഴിഞ്ഞു; ഇനി ആ വിധിയിലേക്കെത്താനുള്ള അന്വേഷണം പൊലീസിൽനിന്നു പ്രതീക്ഷിച്ചാൽ മതിയെന്നാണ് ഇടതുകേന്ദ്രങ്ങളുടെ പോലും ആശങ്ക.
പൂരം വിഷയത്തിൽ തുടക്കം മുതൽ പൊലീസിന്റെ ഭാഗത്തുനിന്നു പ്രകടമായ അലംഭാവമുണ്ടായി. ഒരാഴ്ചയ്ക്കകം നൽകാൻ ആവശ്യപ്പെട്ട അന്വേഷണ റിപ്പോർട്ട് എഡിജിപി എം.ആർ.അജിത്കുമാർ ആഭ്യന്തരവകുപ്പിനു നൽകിയത് 5 മാസത്തിനു ശേഷം. പിന്നാലെ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിൽ എന്താണോ അന്വേഷിക്കേണ്ടത് അക്കാര്യം നടന്നിട്ടേയില്ലെന്ന് മുഖ്യമന്ത്രിതന്നെ പ്രഖ്യാപിച്ചിരിക്കുന്നു. ദേവസ്വങ്ങളും പൊലീസും സമ്മതിച്ച കാര്യമാണ് മുഖ്യമന്ത്രി ഇപ്പോൾ നിഷേധിച്ചിരിക്കുന്നത്. പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ, പൊലീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടുകൾക്കു കടകവിരുദ്ധമാണ്.