ADVERTISEMENT

കോട്ടയം ∙ ശ്രേഷ്ഠ ബാവായോടു സഭാമക്കൾക്കുണ്ടായിരുന്ന പിതൃതുല്യമായ സ്നേഹത്തിന്റെയും കരുതലിന്റെയും കവിഞ്ഞൊഴുക്കാണു കഴിഞ്ഞ വർഷം ഓഗസ്റ്റ് 20നു മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ കണ്ടത്. ബാവായുടെ മെത്രാഭിഷേക സുവർണജൂബിലി ആഘോഷത്തോടനുബന്ധിച്ചു നൽകിയ വരവേൽപായിരുന്നു രംഗം.

അദ്ദേഹത്തിന്റെ കരംതൊട്ട് അനുഗ്രഹം നേടാൻ വിശ്വാസികൾ തിക്കിത്തിരക്കി. 20 മിനിറ്റോളം അദ്ദേഹത്തെ വിശ്വാസികൾ പൊതിഞ്ഞു നിന്നു. ചിലർ ബാവായുടെ കാലിൽ വീണു. ചിലർ കൈപിടിച്ചു മുത്തി. ഒരുവിധത്തിലാണ് അദ്ദേഹത്തെ അവരുടെ ഇടയിൽനിന്നു മാറ്റി വേദിയിലേക്കു സംഘാടകരായ വൈദികരും മണർകാട് പള്ളി ഭാരവാഹികളും കയറ്റിയത്.

സമ്മേളന ഉദ്ഘാടകനായ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ ശ്രേഷ്ഠ ബാവായെക്കുറിച്ചു പറഞ്ഞപ്പോഴെല്ലാം വൻ കരഘോഷമാണ് ഉയർന്നത്. ചടങ്ങിനു മുന്നോടിയായി നൂറുകണക്കിനു വാഹനങ്ങളുടെ അകമ്പടിയിൽ പ്രൗഢോജ്വല സ്വീകരണമാണു വിശ്വാസികൾ ബാവായ്ക്കു നൽകിയത്. ആവേശം ജ്വലിച്ചുനിന്ന വികാരനിർഭരമായ വരവേൽപ്.

എട്ടുനോമ്പുനാളുകളിൽ എല്ലാ വർഷവും ഏഴാംനാൾ കുർബാനയർപ്പിക്കാൻ എത്തുന്നത് അദ്ദേഹത്തിന്റെ നിഷ്ഠയായിരുന്നു. തുടർന്നാണു പ്രസിദ്ധമായ നടതുറക്കൽ നടത്തിയിരുന്നത്. ഈ വർഷം മാത്രം ആ പതിവുതെറ്റി. മണർകാട് ദേവാലയത്തെ ഹൃദയത്തോടു ചേർത്തുപിടിച്ച ബാവായുടെ ഭൗതിക സാന്നിധ്യം ഇനിയില്ലെങ്കിലും വിശ്വാസികളുടെ മനസ്സിൽ അദ്ദേഹത്തിന്റെ ചിത്രം തിളങ്ങി നിൽക്കും.

English Summary:

Baselios Thomas I: Bava who held Manarcad with him

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com