പ്രമുഖ കോൺഗ്രസ് നേതാവ് അപമാനിച്ചു: കെ.മുരളീധരൻ
Mail This Article
കൊച്ചി ∙ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി തന്റെ പേര് ഉയർന്നപ്പോൾ സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാവ് അപമാനിച്ചതായി മുതിർന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. മനോരമ ന്യൂസ് ടിവി ചാനലിലെ ‘നേരെ ചൊവ്വേ’ പരിപാടിയിലായിരുന്നു വെളിപ്പെടുത്തൽ.
മനസ്സു കൊണ്ട് ചെറുപ്പമുള്ളവർക്കും മൽസരിക്കാമെന്നായിരുന്നു പാലക്കാട്ടെ നേതാക്കൾ അഭിപ്രായപ്പെട്ടത്. അപ്പോൾ ആ നേതാവിനെ സംസ്ഥാനത്തെ ഒരു മുതിർന്ന നേതാവ് ഫോണിൽ വിളിച്ചു. നിങ്ങൾ കെ.മുരളീധരനെയല്ലേ ഉദേശിച്ചതെന്ന് അദ്ദേഹത്തോടു ചോദിച്ചു. ‘എല്ലാ തിരഞ്ഞെടുപ്പിലും മത്സരിക്കുന്ന ശീലം അങ്ങേർക്ക് നിർത്തിക്കൂടേ’ എന്നായിരുന്നു പ്രമുഖ നേതാവിന്റെ ചോദ്യം.
ആ പ്രതികരണം തനിക്കു വല്ലാത്ത ഷോക്കായി. വലിയ വിഷമം തോന്നി. തന്നെ വടകര ലോക്സഭാ മണ്ഡലത്തിൽ നിന്നു തൃശൂരിലേക്കു മാറ്റാൻ നിർണായക പങ്കു വഹിച്ചത് ആ നേതാവാണ്. അദ്ദേഹത്തിന്റെ പേരു വെളിപ്പെടുത്തുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും വടകരയിൽ തന്നെ മത്സരിച്ചിരുന്നെങ്കിൽ താൻ ജയിക്കുമായിരുന്നു.
തന്നെ പാർട്ടിയുടെ ആവശ്യത്തിനു വേണ്ടിയാണു വടകരയിൽ നിന്ന് മാറ്റിയത്. തൃശൂരിലെ തന്റെ തോൽവി ക്ഷണിച്ചു വരുത്തിയതാണ്. തൃശൂരിലേക്കു മാറ്റിയതിനു പിന്നിൽ അപമാനിക്കൽ ശ്രമം ഉണ്ടായിരുന്നിരിക്കാം.
പാലക്കാട് ഡിസിസി, സ്ഥാനാർഥിയായി തന്നെ ആഗ്രഹിച്ചിരുന്നു. പക്ഷേ, പാലക്കാട് മത്സരിക്കുന്നോയെന്നു തന്നോട് ആരും ചോദിച്ചില്ല. ചോദിച്ചാലും മത്സരിക്കുന്നില്ലെന്നു പറയുമായിരുന്നു. അവസാനഘട്ടത്തിലാണ് ഒരു നേതാവ് വിളിച്ചു സ്ഥാനാർഥി നിർണയത്തെക്കുറിച്ച് സംസാരിച്ചത്. പാലക്കാട് മുരളിയുടെ പേരുമുണ്ട്. പക്ഷേ, മത്സരിക്കേണ്ടെന്നാണു തന്റെ അഭിപ്രായമെന്നും ആ നേതാവ് പറഞ്ഞു. അതോടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് ഉറപ്പിക്കാൻ താൻ പറയുകയാണു ചെയ്തത്.
പാലക്കാടും ചേലക്കരയിലും പ്രചാരണത്തിനു പോകേണ്ടെന്ന തീരുമാനം പുനഃപരിശോധിച്ചിട്ടില്ല. തന്റെ സഹായം അവിടെ ആവശ്യമില്ല. അത്യാവശ്യം ആണെങ്കിൽ വിളിച്ചാൽ സഹായിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണത്തിനു പോകും. നോമിനി രാഷ്ട്രീയം കോൺഗ്രസിനു നല്ലതല്ല.വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലം ഒഴിഞ്ഞപ്പോൾ താൻ ആരെയും നോമിനിയായി ഉയർത്തിക്കാട്ടിയില്ല. അടൂർ പ്രകാശ് കോന്നിയിൽ പകരക്കാരനെ നിർദേശിച്ചെങ്കിലും പാർട്ടി അംഗീകരിച്ചില്ല.
രാഹുൽ മാങ്കൂട്ടം ഷാഫി പറമ്പിലിന്റെ നോമിനിയാണെന്നു താൻ പറയുന്നില്ല. പക്ഷേ, കെപിസിസി പ്രസിഡന്റ് തന്നെ അക്കാര്യം പരസ്യമാക്കി. തിരുവനന്തപുരം വിട്ട് ഇനി മത്സരമില്ല.
വട്ടിയൂർക്കാവ് കുടുംബം പോലെയാണ്. പക്ഷേ, 2026 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന തീരുമാനത്തിൽ മാറ്റമില്ല. വിശ്രമം വേണം. 2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മാത്രമേ ഇനി മത്സരിക്കാൻ ആലോചിക്കുന്നുള്ളൂ. മുഖ്യമന്ത്രിയാകണമെന്നു താൻ ആഗ്രഹിച്ചിട്ടും കാര്യമില്ല. സ്വാഭാവികമായും പ്രതിപക്ഷ നേതാവ് തന്നെയായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പിൽ നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.