ഡ്രൈവർ മാറിയപ്പോൾ മണ്ണുമാന്തി ഓടിച്ച വീട്ടുടമയ്ക്ക് ദാരുണാന്ത്യം
Mail This Article
പാലാ ∙ മണ്ണുമാന്തി യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെ അപകടത്തിൽപെട്ടു വീട്ടുടമയ്ക്കു ദാരുണാന്ത്യം. കരൂർ കണ്ടത്തിൽ പോൾ ജോസഫ് (രാജു-64) ആണു മരിച്ചത്. പയപ്പാറിൽ നിർമിക്കുന്ന വീടിന്റെ പരിസരത്തെ മണ്ണ് നീക്കം ചെയ്യുന്നതിനിടെ ഇന്നലെ രാവിലെ 10നാണ് അപകടം. പുതിയ വീടിനു മതിൽകെട്ടുന്നതിനാണു മണ്ണ് നീക്കിയത്. വീട് നിർമാണം അവസാന ഘട്ടത്തിൽ എത്തിയിരുന്നു.
ജനുവരിയിൽ പുതിയ വീട്ടിലേക്കു താമസം മാറാനും തീരുമാനിച്ചിരുന്നു. മണ്ണുമാന്തിയുടെ ഡ്രൈവർ ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോൾ രാജു വാഹനം പ്രവർത്തിപ്പിക്കുകയായിരുന്നു. മണ്ണിൽ ചെരിഞ്ഞ മണ്ണുമാന്തി നിയന്ത്രണംവിട്ടു തൊട്ടടുത്ത റബർ മരത്തിലിടിച്ചു. രാജുവിന്റെ തല മരത്തിലിടിച്ചു ഗുരുതരമായി പരുക്കേറ്റതാണു മരണകാരണം.
ഏറെനാൾ മസ്കത്തിൽ ആയിരുന്ന രാജുവിനു മണ്ണുമാന്തി യന്ത്രങ്ങൾ പ്രവർത്തിപ്പിച്ചു പരിചയമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും രാജു മണ്ണുമാന്തി യന്ത്രം പ്രവർത്തിപ്പിച്ചിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.2 വർഷത്തോളമായി കരൂരാണു താമസം. സംസ്കാരം പിന്നീട്. ഭാര്യ: കരൂർ കവിയിൽ ലൂസി. മക്കൾ: ജോസഫ് പോൾ (മസ്‌കത്ത്), ലിറ്റി പോൾ, രശ്മി പോൾ.