അന്വേഷിച്ചു, കണ്ടെത്താതിരിക്കാൻ; ഏജൻസികളുടെ രാഷ്ട്രീയതാൽപര്യം കൊടകര കേസിൽ വ്യക്തം
Mail This Article
കൊച്ചി∙ പ്രത്യേക അന്വേഷണ സംഘം 2021 ഓഗസ്റ്റ് 2നു തൃശൂർ ആദായനികുതി അസി.ഡയറക്ടർക്കും ഇ.ഡി കൊച്ചി യൂണിറ്റ് ഡപ്യൂട്ടി ഡയറക്ടർക്കും തിരഞ്ഞെടുപ്പു കമ്മിഷനും നൽകിയ റിപ്പോർട്ടിലാണു കേരളത്തിലെ 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥികൾക്കു വേണ്ടി 41.40 കോടി രൂപയുടെ ഹവാല കടത്തിക്കൊണ്ടുവന്നതിന്റെ വിശദാംശങ്ങളുള്ളത്.
കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ നടപടികൾ നിർത്തിവച്ചു തുടരന്വേഷണം നടത്താനുള്ള നിയമസാധ്യതയാണു പൊലീസ് ഇപ്പോൾ പരിശോധിക്കുന്നത്. 2021 ജൂലൈ 23 നാണ് ഇരിങ്ങാലക്കുട മജിസ്ട്രേട്ട് കോടതി മുൻപാകെ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
കള്ളപ്പണം തിരഞ്ഞെടുപ്പു രംഗത്ത് ഏതു തരത്തിൽ വിനിയോഗിച്ചെന്ന് അന്വേഷിക്കാൻ ഏറ്റവും എളുപ്പം കേരള പൊലീസിനായിരുന്നു. അന്വേഷണ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നെങ്കിൽ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനും റിപ്പോർട്ട് അവഗണിക്കാൻ കഴിയില്ലായിരുന്നു. ഗൗരവ വെളിപ്പെടുത്തലുകൾ അടങ്ങുന്ന പൊലീസിന്റെ വിശദറിപ്പോർട്ടും കുറ്റപത്രവും ലഭിച്ചിട്ടും കേരളത്തിലെ രണ്ട് ഇ.ഡി യൂണിറ്റുകളും ആദായനികുതി വകുപ്പും അനങ്ങാതിരുന്നു.
പൊലീസ് റിപ്പോർട്ടിൽ ധർമരാജന്റെ മൊഴികളേയുള്ളൂ, തെളിവുകളില്ലെന്നു പറയാനുള്ള അവസരം കേന്ദ്ര ഏജൻസികൾക്കു നൽകിയത് പൊലീസ് അന്വേഷണത്തിലെ ആഴമില്ലായ്മയാണ്.
കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ആരെല്ലാമാണു കേരളത്തിലെ ബിജെപിക്കു നൽകാനുള്ള പണം സ്വരൂപിച്ചതെന്നും ആരുടെ കൈവശമാണു പണം കൊടുത്തുവിട്ടതെന്നും മൊഴികളിലുണ്ടായിട്ടും കേരളത്തിനു പുറത്ത് അന്വേഷണം നടത്താനോ തെളിവുകൾ ശേഖരിക്കാനോ കേരള പൊലീസ് മെനക്കെട്ടില്ല.
സാക്ഷിമൊഴികളിൽ പരാമർശിക്കുന്ന ബിജെപി നേതാക്കൾ, ഓഫിസ് സെക്രട്ടറിമാർ, തിരഞ്ഞെടുപ്പു ചുമതലയുള്ളവർ എന്നിവരെ വിശദമായി ചോദ്യം ചെയ്യാനും ഇവരുടെ മൊഴികൾ മജിസ്ട്രേട്ട് കോടതി മുൻപാകെ രേഖപ്പെടുത്താനും പൊലീസ് തയാറായില്ല.
കേസിന്റെ വിശദാംശങ്ങൾ മേൽനോട്ട കോടതികളുടെ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കാനുള്ള നീക്കം പൊലീസോ അന്വേഷണ ഏജൻസികളോ നടത്തിയിട്ടില്ല. പകരം വിഷയം കോടതിയിൽ ചോദ്യം ചെയ്യാനുള്ള അവസരം ബോധപൂർവം ഇല്ലാതാക്കുന്ന പുറമേയുള്ള വിവാദങ്ങൾക്കു മാത്രമാണു കേരളത്തിലെ രാഷ്ട്രീയ കക്ഷികളും ശ്രദ്ധിച്ചത്.
ഹവാലപ്പണം: 6 പേരുടെ വിവരം കുറ്റപത്രത്തിൽ
കൊച്ചി∙ കേരളത്തിലെ 2021 നിയമസഭാ തിരഞ്ഞെടുപ്പിനായി ബിജെപി സ്ഥാനാർഥികൾക്കു വേണ്ടി 41.40 കോടി രൂപയുടെ ഹവാലപ്പണം നൽകിയതായി ആരോപിക്കപ്പെടുന്ന 6 പേരുടെ വിവരങ്ങൾ കേരള പൊലീസിന്റെ കുറ്റപത്രത്തിലുണ്ട്. ഇവരുടെ പട്ടിക പ്രത്യേക റിപ്പോർട്ടാക്കി ആദായനികുതി വകുപ്പിനും ഇ.ഡിക്കും കൈമാറിയിട്ടുണ്ട്.
കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം (എംഎൽസി) ലഹർ സിങ്ങിന്റെ പേരുള്ളത് ഈ പട്ടികയിലാണ്. ബെംഗളൂരു നോർത്തിൽ താമസിക്കുന്ന സുന്ദർലാൽ അഗർവാൾ, മഹാരാഷ്ട്ര സ്വദേശി സച്ചിൻ സേതു, മഹാരാഷ്ട്ര സ്വദേശി ഇപ്പോൾ ബെംഗളൂരുവിൽ താമസിക്കുന്ന വിക്കിയെന്നു വിളിക്കുന്ന അശോക് കുമാർ ജെയിൻ, തൃശൂർ സ്വദേശി സുധീർ സിങ്, തൃശൂർ പൂങ്കുന്നം സ്വദേശി ബി.പ്രദീപ് എന്നിവരുടെ പേരാണു പൊലീസ് റിപ്പോർട്ടിലുള്ളത്. ധർമരാജനും സംഘത്തിലെ അംഗങ്ങളുമായ ഷാംജീർ, ഷിജിൻ, ഷൈജു, കെ.പി.വിജിത്ത് എന്നിവരുമാണ് ഇവരെ നേരിൽക്കണ്ടു പണം കൈപ്പറ്റി കേരളത്തിലേക്കു കടത്തിക്കൊണ്ടുവന്നത്.
രണ്ടുതവണ പണം കൊള്ളയടിക്കപ്പെട്ടു. കേസിൽ നിർണായക വിവരങ്ങൾ പൊലീസിനു നൽകിയ ധർമരാജന്റെ സഹോദരൻ ധനരാജൻ, കെ.പി.വിജിത്ത്, സുധീർ സിങ് എന്നിവർ കടത്തിക്കൊണ്ടു വന്ന 4.40 കോടി രൂപ സേലത്തിനു സമീപമാണു കൊള്ളയടിച്ചത്.2021 ഏപ്രിൽ 3നു ഷാംജീറും റഷീദും കാറിൽ കൊണ്ടുവന്ന 3.50 കോടി രൂപ ആലപ്പുഴ ബിജെപി ജില്ലാ ട്രഷറർ ഗോപാലകൃഷ്ണൻ കർത്തായ്ക്കു കൈമാറാൻ കൊണ്ടുവരും വഴി കൊടകരയിൽ വച്ചും കൊള്ളയടിക്കപ്പെട്ടു.
കർണാടക പൊലീസ് അന്വേഷിക്കുന്ന ആദ്യത്തെ കേസിൽ പുരോഗതിയില്ല. കേരള പൊലീസ് അന്വേഷിച്ച രണ്ടാമത്തെ കേസിൽ 22 പ്രതികളെ കണ്ടെത്തി. 2021 മാർച്ച് ആറിനാണു സേലത്തെ കൊള്ള നടന്നത്. കൊടകരക്കൊള്ളയിൽ 1.47 കോടി രൂപ പ്രത്യേക അന്വേഷണ സംഘം വീണ്ടെടുത്തു. 2.03 കോടി രൂപ കണ്ടെത്താനുണ്ട്.