ADVERTISEMENT

തിരുവനന്തപുരം∙ 3 വർഷത്തിനു ശേഷം ‘ജീവൻവച്ച’ കൊടകര കുഴൽപണക്കേസ്, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 3 മണ്ഡലങ്ങളിലും പ്രധാന ചർച്ചാവിഷയമായി. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെ ആരോപണം നേരിടുന്ന കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ചതുവഴി സർക്കാരും സിപിഎമ്മും ആഗ്രഹിക്കുന്നതു രാഷ്ട്രീയനേട്ടമാണ്. സമീപകാലത്തു നടന്ന തിരഞ്ഞെടുപ്പുകൾക്കു മുൻപ് ബിജെപിയും സിപിഎമ്മും തമ്മിൽ ഇത്തരം ‘അന്വേഷണ ഒത്തുകളി’കൾ നടന്നിട്ടുണ്ടെന്നാണ് കോൺഗ്രസ് ആരോപണം. തൃശൂർ പൂരം കലക്കിയതിനു പിന്നിൽ ബിജെപിയും സിപിഎമ്മും തമ്മിൽ രഹസ്യധാരണയുണ്ടെന്ന കോൺഗ്രസ് ആരോപണത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് കൊടകരയിലെ തുടരന്വേഷണം.

കേരളത്തിൽ ബിജെപിയെ നേരിടാൻ മുൻപന്തിയിലുള്ളതു തങ്ങളാണെന്ന പ്രചാരണം സിപിഎം ഊർജിതമാക്കും. കൊടകര കേസ് അന്വേഷിക്കാൻ ഇ.ഡി അടക്കം തയാറാകാത്തതു ചൂണ്ടിക്കാട്ടി കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നത് തങ്ങളെ മാത്രമാണെന്നും സിപിഎം വാദിക്കുന്നു.

അതേസമയം, വർഷങ്ങളോളം അനങ്ങാതെ കിടന്ന കേസ് ഉപതിരഞ്ഞെടുപ്പിനു തൊട്ടുമുൻപു ചർച്ചാവിഷയമായത് കണ്ണിൽ പൊടിയിടാനുള്ള നീക്കമാണെന്ന പ്രചാരണം ശക്തമാക്കാനാണു കോൺഗ്രസ് ശ്രമം. തൃശൂർപൂരം കലക്കൽ, ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനം അടക്കമുള്ള തിരിച്ചടികളിൽനിന്നു കരകയറാൻ സർക്കാർ പൊടിതട്ടിയെടുത്ത കേസാണിതെന്നും ഉപതിരഞ്ഞെടുപ്പു കഴിയുമ്പോൾ അന്വേഷണവും നിലയ്ക്കുമെന്നും അവർ പറയുന്നു.

കൊടകരയിൽ 3 വർഷം പൊലീസ് അനങ്ങാതിരുന്നതും സ്വർണക്കടത്ത്, കരുവന്നൂർ കേസുകളിൽ മുഖ്യമന്ത്രിയുടെ ഓഫിസിനും സിപിഎമ്മിനുമെതിരെ കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണങ്ങൾ നിലച്ചതും ഒത്തുകളിയുടെ ഉദാഹരണങ്ങളായി കോൺഗ്രസ് പറയുന്നു. ‘ഇവിടെ സിപിഎം ഒരു കേസ് ഒതുക്കിയാൽ അവിടെ ബിജെപിയും ഒരെണ്ണം ഒതുക്കും’ എന്നാണു കോൺഗ്രസിന്റെ നിരീക്ഷണം. ആരോപണങ്ങൾ നേരിടുന്നതിൽ പാർട്ടി ഒറ്റക്കെട്ടല്ലെന്നതണു ബിജെപിയുടെ തലവേദന. കേരള പൊലീസ് എത്ര ശ്രമിച്ചിട്ടും തങ്ങളിലേക്ക് അന്വേഷണം എത്തിക്കാൻ കഴിഞ്ഞില്ലെന്ന പ്രതിരോധമാണ് പ്രമുഖ നേതാക്കൾ ഇപ്പോൾ തീർക്കുന്നത്.

കൊടകര കുഴൽപണ കേസിൽ എനിക്കെതിരെ തെളിവുകൾ കണ്ടെത്തിയാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും. ഏത് അന്വേഷണവും നേരിടാം. തിരൂർ സതീഷിന് എം.കെ.കണ്ണന്റെ ബാങ്കിലുണ്ടായിരുന്ന വായ്പ തീർത്തു നൽകുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ ആരോപണം വന്നത്. വായ്പ തീർത്തു നൽകുന്നതിനു പകരമായി പഴയ ആരോപണങ്ങൾ വീണ്ടും പറയണമെന്നു സതീഷിനോട് ആവശ്യപ്പെട്ടു. വി.ഡി.സതീശനാണ് ആരോപണത്തിനു പിന്നിൽ ആദ്യനീക്കം നടത്തിയത്. ധർമരാജനെ അറിയാം. ധർമരാജന്റെ പേരിൽ കേസില്ല. എൽഡിഎഫുമായുള്ള ഡീൽ ആയിരുന്നെങ്കിൽ കേസ് വീണ്ടും അന്വേഷിക്കുമായിരുന്നോ ?

English Summary:

CPM and Congress to use Kodakara hawala money issue against BJP in by-elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com