ഓണക്കിറ്റിന്റെ സഞ്ചിക്ക് ഒരു കോടിയോളം രൂപ
Mail This Article
തിരുവനന്തപുരം ∙ ഓണക്കാലത്ത് റേഷൻ കടകൾ വഴിയും അല്ലാതെയും 13 ഇനങ്ങൾ അടങ്ങിയ സൗജന്യ കിറ്റ് വിതരണം ചെയ്യാൻ തുണിസഞ്ചി വാങ്ങിയതിന് ചെലവ് 95,75,488 രൂപ (95.75 ലക്ഷം രൂപ). ഒരു സഞ്ചിക്ക് ജിഎസ്ടി ഉൾപ്പെടെ ശരാശരി 16 രൂപ വീതം ചെലവായെന്നും ടെൻഡർ ഇല്ലാതെയാണു സ്ഥാപനങ്ങളെ തിരഞ്ഞെടുത്തതെന്നും സപ്ലൈകോയും ഭക്ഷ്യ പൊതുവിതരണ വകുപ്പും സർക്കാരിനു സമർപ്പിച്ച രേഖകൾ വ്യക്തമാക്കുന്നു. കുടുംബശ്രീയുടേത് ഉൾപ്പെടെ 18 സ്ഥാപനങ്ങളിൽനിന്നു സഞ്ചി വാങ്ങിയെന്നാണു വിവരങ്ങളിൽ ഉള്ളതെങ്കിലും പല സ്ഥാപനങ്ങൾക്കും വ്യക്തമായ വിലാസം പോലുമില്ല. ആകെ വിതരണം ചെയ്ത 5,71,039(5.71 ലക്ഷം) സൗജന്യ കിറ്റുകളിൽ 5,61,643 എണ്ണം മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കാണു നൽകിയത്.
കിറ്റിന് ചെലവ് 34.28 കോടി രൂപ
സൗജന്യ കിറ്റുകൾക്കായി പ്രതീക്ഷിത ചെലവ് 34.26 കോടി രൂപയാണെന്നും ഇതിൽ 33.24 കോടി രൂപ സഞ്ചി ഉൾപ്പെടെയുള്ള 14 സാധനങ്ങൾക്കും 1.01 കോടി രൂപ ഗതാഗതം,കയറ്റിറക്ക്, പാക്കിങ് എന്നിവയ്ക്കാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കിറ്റ് വിതരണത്തിനായി സപ്ലൈകോയ്ക്ക് 34.29 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.