കുഴൽപണ ഇടപാട്: ഉഴപ്പിയത് ഇ.ഡിയെന്ന് പൊലീസ്
Mail This Article
തൃശൂർ∙ കുഴൽപണ ഇടപാടു പൊലീസ് കാര്യമായി അന്വേഷിച്ചില്ലെന്ന ആരോപണം നിഷേധിച്ച് അന്വേഷണ സംഘം. 2021ഏപ്രിൽ 3ന് കാറിൽ കൊണ്ടുപോകുകയായിരുന്ന 3.5 കോടി രൂപ കൊടകര ദേശീയപാതയിൽ ക്രിമിനൽ സംഘം തട്ടിയെടുത്തതു സംബന്ധിച്ച പരാതി ഏഴിനാണു പൊലീസിനു ലഭിച്ചത്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു പരാതി. അന്വേഷണത്തിലാണു മൂന്നരക്കോടി രൂപയാണെന്നു കണ്ടെത്തിയത്. 23 പേരെ അറസ്റ്റ് ചെയ്തു. 1.88 കോടി രൂപ വീണ്ടെടുത്തു. ബാക്കി പണം ഒരുമാസം നീണ്ട ഒളിവു ജീവിതത്തിനിടെ ചെലവായിപ്പോയെന്നും കുറച്ചുപേർക്കു കൈമാറ്റം ചെയ്തു നഷ്ടപ്പെടുത്തിയെന്നും പ്രതികൾ പറഞ്ഞു.
ജൂലൈ 23നു കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പണം നഷ്ടപ്പെട്ട കേസിൽ മുഴുവൻ പ്രതികളെയും പിടികൂടുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തതോടെ കേസ് ‘ക്ലോസ്’ ചെയ്തു. കുഴൽപണം സംബന്ധിച്ച കേസുകളിൽ പിഎംഎൽഎ നിയമം ചുമത്തി കേസെടുക്കാനുള്ള അധികാരം പൊലീസിനില്ല. കുഴൽപണക്കടത്തിനു പിന്നിലെ ഗൂഢാലോചന ഏകോപിപ്പിച്ചത് കർണാടകയിലെ ബിജെപി എംഎൽഎ ആണെന്നും കേരളത്തിലെ മുതിർന്ന ബിജെപി നേതാവ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതൻ എന്നിവരിലേക്കു വരെ നീളുന്നതാണ് ഇടപാടെന്നും പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. അക്കാര്യമെല്ലാം ചൂണ്ടിക്കാട്ടിയിട്ടും ആ വഴിക്കൊന്നും ഇ.ഡി അന്വേഷണമുണ്ടായില്ലെന്നാണു പൊലീസിന്റെ വാദം.
തുടരന്വേഷണം മതി: പബ്ലിക് പ്രോസിക്യൂട്ടർ
തൃശൂർ ∙ കൊടകര കുഴൽപണക്കേസിൽ പുനരന്വേഷണമല്ല, തുടരന്വേഷണമാണു വേണ്ടതെന്നു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എൻ.കെ. ഉണ്ണിക്കൃഷ്ണൻ. കേസന്വേഷണത്തിൽ അപാകത ഇല്ലാത്തതിനാൽ തുടരന്വേഷണം മതിയാകുമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ കോടതിയുടെ അനുമതി തേടുമെന്നും അദ്ദേഹം പറഞ്ഞു. സാക്ഷി കൂടിയായ തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അന്വേഷണം നടത്തുന്നതിനു തടസ്സങ്ങളില്ല. കുഴൽപണം സംബന്ധിച്ച കേസ് അന്വേഷിക്കേണ്ടത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആണെന്നും അദ്ദേഹം പറഞ്ഞു.
ധർമരാജന്റെ 2021ലെ മൊഴിയിങ്ങനെ
തൃശൂർ ∙ വാജ്പേയി സർക്കാരിന്റെ കാലം മുതൽ കെ.സുരേന്ദ്രനുമായി നല്ല ബന്ധമാണുള്ളതെന്നും സാമ്പത്തികസഹായങ്ങൾ ചെയ്തിരുന്നെന്നുമാണു പണം കടത്താൻ നേതൃത്വം നൽകിയ കോഴിക്കോട് സ്വദേശി ധർമരാജൻ 2021ൽ പ്രത്യേക അന്വേഷണസംഘത്തിനു മൊഴി നൽകിയത്. ചെറുപ്പത്തിൽ ആർഎസ്എസ് ശാഖയിൽ പോയിട്ടുണ്ട്. ബിജെപിയുടെ മറ്റു സംസ്ഥാന,ജില്ലാ നേതാക്കളുമായും അടുപ്പമുണ്ടെന്നും 9 പേജുള്ള മൊഴിയിൽ പറയുന്നു.
പ്രത്യേക അന്വേഷണസംഘത്തിലെ ഡിവൈഎസ്പി വി.കെ.രാജു രേഖപ്പെടുത്തിയ മൊഴിയിലെ പ്രസക്തഭാഗങ്ങൾ: ‘അമിത് ഷാ തിരുവനന്തപുരത്തു പ്രചാരണത്തിനു വന്നപ്പോൾ അവിടെ പോയിരുന്നു. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പുപരിപാടിയുമായി ബന്ധപ്പെട്ട് 3തവണ കോന്നിയിലും പോയി. 3തവണയായി 12 കോടി രൂപ കൊണ്ടുവന്നു. കൊടകരയിൽ പണം നഷ്ടപ്പെട്ടതിനുപിന്നാലെ സുരേന്ദ്രൻ ഫോണിൽ വിളിച്ചു. പണം നഷ്ടമായ വിവരമറിയിക്കാൻ വിളിച്ചപ്പോൾ ആദ്യം ഫോൺ എടുത്തില്ല. പിന്നീടു തിരിച്ചുവിളിച്ചു. തൃശൂരിലെ ബിജെപി ഓഫിസിലേക്കു 6.5 കോടി രൂപ കൊണ്ടുവന്നു. ബിജെപി സംസ്ഥാന സെക്രട്ടറി ഗിരീഷാണു ബെംഗളൂരുവിൽ കാണേണ്ടയാളുടേത് ഉൾപ്പെടെയുള്ള വിവരങ്ങൾ തന്നത്. ശ്രീനിവാസനെന്ന ആളിൽനിന്നാണു പണം സ്വീകരിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പു സമയത്തും ബെംഗളൂരുവിൽനിന്നു 3 തവണയായി 12 കോടി രൂപ എത്തിച്ചു. പാഴ്സൽ വാഹനത്തിലാണു തൃശൂരിലെ ഓഫിസിലേക്കു പണം കൊണ്ടുവന്നത്. ആ സമയത്ത് ഓഫിസിൽ അന്നത്തെ ജില്ലാ ട്രഷറർ സുജയ് സേനനും പ്രശാന്തും ഉണ്ടായിരുന്നു. സുജയ് സേനൻ പറഞ്ഞതു പ്രകാരം ഓഫിസ് സെക്രട്ടറി തിരൂർ സതീഷ് തൃശൂരിലെ ലോഡ്ജിൽ മുറി ബുക്ക് ചെയ്തു. തുടർന്നു 3 ചാക്കുകളിലാണു പണം ബിജെപി ഓഫിസിലേക്ക് എത്തിച്ചു.’