കെഎസ്ഇബി ടെൻഡർ നടപടികളിലേക്ക്; 8000 മെഗാവാട്ട് ശേഷിയുള്ള പുതിയ പദ്ധതികൾ
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഏകദേശം 8000 മെഗാവാട്ട് ശേഷിയുള്ള പുതിയ പദ്ധതികൾക്ക് കെഎസ്ഇബി ടെൻഡർ നടപടികളിലേക്കു കടക്കുന്നു. കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരെക്കൊണ്ട് ഡിപിആർ തയാറാക്കുന്നത് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാക്കാൻ കാലതാമസം നേരിടുന്നതിനാൽ ട്രാൻസാക്‌ഷൻ അഡ്വൈസർ ആയി എസ്ബിഐ ക്യാപ്പിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡിനെ(എസ്ബിഐ കാപ്സ്) ചുമതലപ്പെടുത്തിയേക്കും.
നിലവിൽ പവർ ഫിനാൻസ് കോർപറേഷൻ,സോളർ കോർപറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളാണു വിവിധ പദ്ധതികൾക്കായി കെഎസ്ഇബിയുടെ ട്രാൻസാക്‌ഷൻ അഡ്വൈസർ ചുമതല കൈകാര്യം ചെയ്യുന്നത്.
പരമാവധി ജല വൈദ്യുതി,പമ്പ്ഡ് സ്റ്റോറേജ്,കാറ്റിൽ നിന്നുള്ള വൈദ്യുതി പദ്ധതികൾ 2026നു മുൻപ് കരാർ ഉറപ്പിക്കുന്നതിലേക്ക് എത്തിക്കാനാണു സാധ്യതാപഠനം,വിശദ പദ്ധതി രേഖ(ഡിപിആർ) തയാറാക്കൽ, കൃത്യതയോടെ ടെൻഡർ രേഖകൾ തയാറാക്കൽ,ടെൻഡർ ക്ഷണിക്കൽ എന്നിവയുൾപ്പെടെ ജോലികൾക്കായി ട്രാൻസാക്‌ഷൻ അഡ്വൈസറെ ചുമതലപ്പെടുത്തുന്നത്.
വൈദ്യുതി ഉൽപാദിപ്പിക്കാൻ ഉപയോഗിച്ച ജലം സൗരോർജം ഉപയോഗിച്ചു പമ്പ് ചെയ്ത് റിസർവോയറിൽ എത്തിച്ച് ആവശ്യമുള്ളപ്പോൾ വീണ്ടും വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്നതാണ് പമ്പ്ഡ് സ്റ്റോറേജ് പദ്ധതി(പിഎസ്പി).
2026 മാർച്ച് 31നു മുൻപ് കരാറാകുന്ന വൻകിട വൈദ്യുത പദ്ധതികൾക്ക് അടിസ്ഥാനസൗകര്യ വികസനം ഉൾപ്പെടെയുള്ളവയ്ക്കു കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
വിവിധ നിക്ഷേപ മാതൃകകൾ സംബന്ധിച്ച ശുപാർശ എസ്ബിഐ കാപ്സ് കെഎസ്ഇബിക്കു കൈമാറിയിട്ടുണ്ട്. ഇതെക്കുറിച്ചു പഠിച്ച് നിബന്ധനകളുടെ(ടേംസ് ആൻഡ് കണ്ടിഷൻസ്) കരട് തയാറാക്കാൻ കെഎസ്ഇബി മാനേജ്മെന്റ് ഉപസമിതിയെ നിയോഗിച്ചു.
പണം മുടക്കി പദ്ധതിയുടെ നിർമാണവും നിശ്ചിത കാലയളവിലേക്കുള്ള പ്രവർത്തനവും കൈകാര്യം ചെയ്യലും കരാർ അടിസ്ഥാനത്തിൽ മറ്റ് ഏജൻസികളെ ഏൽപിക്കുകയും അവരിൽനിന്ന് മുൻകൂട്ടി നിശ്ചയിക്കുന്ന താരിഫിന്റെ അടിസ്ഥാനത്തിൽ കെഎസ്ഇബി വൈദ്യുതി വാങ്ങുകയും ചെയ്യുന്ന രീതിയിലുള്ള നിക്ഷേപമാണ് കെഎസ്ഇബി ആഗ്രഹിക്കുന്നത്.കെഎസ്ഇബിയുടെ താൽപര്യങ്ങൾ അറിയിക്കുന്നതിന് നിക്ഷേപക സംഗമം വിളിച്ചു ചേർത്തു ചർച്ച ചെയ്യും.
പദ്ധതികൾ യാഥാർഥ്യമാകുന്നില്ല; ഉദ്യോഗസ്ഥർക്കു വീഴ്ച
പുതിയ പദ്ധതികൾ യാഥാർഥ്യമാക്കുന്നതിൽ ഒരു വിഭാഗം കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു തുടർച്ചയായി വീഴ്ചയുണ്ടാകുന്നുവെന്ന് കെഎസ്ഇബി മാനേജ്മെന്റ് ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിൽ വിമർശിച്ചിരുന്നു. മഞ്ഞപ്പാറ, മുതിരപ്പുഴ പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾക്കു മാസങ്ങൾക്കു മുൻപേ സംസ്ഥാന സർക്കാർ തത്വത്തിൽ അനുമതി നൽകിയെങ്കിലും ഡിപിആർ ഇതുവരെ തയാറായിട്ടില്ല.
പാത്രക്കടവ് പദ്ധതിക്കു വേണ്ടി വനം വകുപ്പിന്റെ അനുമതി തേടാൻ കഴിഞ്ഞ ഫെബ്രുവരിയിൽ തീരുമാനമെടുത്തെങ്കിലും അതിനു കത്തയച്ചത് കഴിഞ്ഞ മാസമാണ്. ഇത്തരം നിരുത്തരവാദപരമായ നീക്കങ്ങൾ പദ്ധതികൾ വൈകിപ്പിക്കുന്നു എന്നാണ് കെഎസ്ഇബി മാനേജ്മെന്റിന്റെ വിലയിരുത്തൽ.
പരിഗണിക്കുന്ന പദ്ധതികൾ(ഉൽപാദന ശേഷി ബ്രാക്കറ്റിൽ മെഗാവാട്ട് അളവിൽ)
∙ കാറ്റിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതികൾ
(ആകെ 370 മെഗാവാട്ട്):
രാമക്കൽമേട്(150)
അട്ടപ്പാടി (100)
മാൻകുത്തിമേട് (50)
പാപ്പൻപാറ (50)
പൊന്മുടി (20)
∙ പമ്പ്ഡ് സ്റ്റോറേജ് (ആകെ 6574 മെഗാവാട്ട്)
മഞ്ഞപ്പാറ(24)
മുതിരപ്പുഴ(100)
കക്കയം(800)
ഇടുക്കി(700)
പെരിങ്ങൽക്കുത്ത്(400)
അപ്പർ ചാലിയാർ(360)
അമൃത പമ്പ(1000)
മറയൂർ(160)
പള്ളിവാസൽ(600)
പൊഴുതന(1000
ഇടമലയാർ(180)
കരിന്തരുവി–ഉപ്പുകുളം(450)
മഹാലക്ഷ്മി(400)
പാമ്പ്ല റൈറ്റ് ബാങ്ക്(400).
∙ ജല വൈദ്യുത പദ്ധതികൾ (ആകെ 1070 മെഗാവാട്ട്)
ലെച്ച്മി(240)
അച്ചൻകോവിൽ(30)
ഇടുക്കി ഗോൾഡൻ ജൂബിലി(800)