ADVERTISEMENT

കോഴിക്കോട്/തൃശൂർ ∙ രൂപരേഖയിലെ സാങ്കേതിക–പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിച്ചാൽ കേരളത്തിന്റെ സിൽവർലൈൻ പദ്ധതിയുടെ അംഗീകാരത്തിനും തുടർനടപടികൾക്കും കേന്ദ്രം സന്നദ്ധമാണെന്നു കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്.

നിലവിലെ പദ്ധതി രേഖയുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും മാറ്റങ്ങൾ വരുത്തിയാൽ പരിഗണിക്കാമെന്നും മുഖ്യമന്ത്രിയോടു ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൃശൂർ റെയിൽവേ സ്റ്റേഷൻ 393.58 കോടി രൂപ ചെലവഴിച്ചു പുതുക്കി നിർമിക്കുന്ന പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

ഇതോടൊപ്പം അന്തിമ രൂപരേഖ വിലയിരുത്തുകയും സ്റ്റേഷനിൽ പരിശോധന നടത്തുകയും ചെയ്തു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന നവീകരണ പ്രവൃത്തിയും മന്ത്രി വിലയിരുത്തി.

അങ്കമാലി–എരുമേലി ശബരി റെയിൽപാത യാഥാർഥ്യമാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സമാന പദ്ധതിയിൽ മഹാരാഷ്ട്ര സർക്കാരിനു നൽകിയ ധാരണാ പത്രത്തിന്റെ മാതൃക കേരളത്തിനു കൈമാറി തുടർനടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ഇതിനിടെ, കേരളത്തിൽ സിൽവർലൈൻ പദ്ധതിക്കെതിരെ ആദ്യസമരം നടത്തിയ കോഴിക്കോട് വെങ്ങളം കെ റെയിൽ പ്രതിരോധ ജനകീയ സമിതി കാട്ടിൽപീടികയിലെ സമരപ്പന്തൽ വരും ദിവസങ്ങളിൽ വീണ്ടും സജീവമാക്കാനൊരുങ്ങുന്നു. 2020 ജൂലൈയിലാണു ജനകീയ പ്രതിരോധ സമിതി സമരം ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രിയെ കണ്ടു ചർച്ച നടത്തിയപ്പോൾ പ്രതിഷേധ സൂചകമായി സമരപ്പന്തലിൽ ഒത്തുകൂടി നാട്ടുകാർ പന്തംകൊളുത്തി പ്രകടനം നടത്തിയിരുന്നു.

സിൽവർലൈൻ പദ്ധതി ഇനിയും കൊണ്ടുവരാൻ തുനിഞ്ഞാൽ ശക്തമായി പ്രതിരോധിക്കും. സംസ്ഥാനത്ത് ഒന്നാകെ പ്രതിഷേധം അലയടിക്കും. മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുമായ ചർച്ച നടത്തിയ സാഹചര്യത്തിൽ 13ന് ആലുവയിൽ ജനകീയ പ്രതിരോധ സമിതി സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ കൺവൻഷൻ നടത്തുന്നുണ്ട്. അതിൽ സമര പരിപാടികൾക്കു രൂപം നൽകും.-പി.കെ.സഹീർ, കൺവീനർ, വെങ്ങളം കെ റെയിൽ പ്രതിരോധ ജനകീയ സമിതി

English Summary:

Ashwini Vaishnav said that the Center is ready to approve Kerala's Silver Line project and take further steps if the technical and environmental issues in the outline are resolved

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com