പൂരം വിവാദം: മൊഴിയെടുത്തു തുടങ്ങി
Mail This Article
തൃശൂർ ∙ പൊലീസിന്റെ ഏകപക്ഷീയ നിലപാടുകൾ പൂരം ദിനങ്ങളിൽ തങ്ങളെ ബുദ്ധിമുട്ടിച്ചുവെന്നു ജോലിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകരുടെ മൊഴി. പൂരം അലങ്കോലപ്പെട്ട സംഭവം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ നിർദേശപ്രകാരമാണ് മൊഴി രേഖപ്പെടുത്തിത്തുടങ്ങിയത്.
ആരോഗ്യവകുപ്പ് നോഡൽ ഓഫിസറായിരുന്ന ഡപ്യൂട്ടി ഡിഎംഒ ഡോ. കെ.എൻ.സതീഷ്, അസി. നോഡൽ ഓഫിസറായിരുന്ന പി.കെ.രാജു, മെഡിക്കൽ കോളജ് നോഡൽ ഓഫിസർ ഡോ. സി.രവീന്ദ്രൻ എന്നിവരുടെയും അഗ്നിരക്ഷാസേന ജില്ലാ ഓഫിസർ, തൃശൂർ സ്റ്റേഷൻ ഓഫിസർ എന്നിവരുടെയും മൊഴി രേഖപ്പെടുത്തി.
സിറ്റി പൊലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകന്റെ നിർദേശങ്ങൾ മെഡിക്കൽ സംഘത്തെ സാരമായി ബാധിച്ചെന്ന് ഡോ. കെ.എൻ.സതീഷ് മൊഴി നൽകി. എംഒ റോഡ് അടച്ചുകെട്ടിയതും കുടമാറ്റം വേദിക്കരികിലെ മെഡിക്കൽ പവലിയനിലേക്കുള്ള പ്രത്യേക മേഖലയിലൂടെ ആളുകളെയും ജനറൽ ആശുപത്രി ഭാഗത്തുനിന്നുള്ള പ്രത്യേക മേഖലയിലൂടെ വിഐപികളെയും കയറ്റിവിട്ടത് രോഗികൾക്കും ആംബുലൻസുകൾക്കും ബുദ്ധിമുട്ടുണ്ടാക്കി.
അഡീഷനൽ എസ്പി ഉൾപ്പെടെയുള്ളവരോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഇതു മെഡിക്കൽ ഉദ്യോഗസ്ഥരും പൊലീസും തമ്മിൽ തർക്കത്തിനിടയാക്കി. പൂരം രാത്രി ചടങ്ങുകൾക്കിടെ ആംബുലൻസുകൾ സ്വരാജ് റൗണ്ടിലേക്കു കടത്തിവിടാതിരുന്നതും പ്രവർത്തനത്തെ ബാധിച്ചതായി ഡോ. കെ.എൻ.സതീഷ് പറഞ്ഞു. പൊലീസിന്റെ നിയന്ത്രണങ്ങൾ മൂലം മെഡിക്കൽ സംഘത്തിനു ഭക്ഷണംപോലും കിട്ടാത്ത സ്ഥിതിയുണ്ടായെന്നും മൊഴി നൽകി.