‘ജീവനു ഭീഷണിയുണ്ട്; ഡിജിറ്റൽ തെളിവുണ്ടാക്കുന്ന തരത്തിലുള്ള ബുദ്ധിമോശമൊന്നും ചെയ്തിട്ടില്ല’
Mail This Article
Q കേസുമായി ബന്ധപ്പെട്ട് എന്തുകൊണ്ട് ഇപ്പോൾ വെളിപ്പെടുത്തൽ? ഈ ഉപതിരഞ്ഞെടുപ്പ് സമയത്ത്?
A കുഴൽപണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി വെളിപ്പെടുത്തിയതല്ല. വിചാരണ വേളയിൽ കോടതിയിൽ സത്യങ്ങൾ വെളിപ്പെടുത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അടുത്തിടെ എന്നെ കാണാനെത്തിയ മാധ്യമപ്രവർത്തകനോടു സംസാരത്തിനിടെ യാദൃച്ഛികമായാണ് കാര്യങ്ങൾ പറഞ്ഞത്.
-
Also Read
പൂരം വിവാദം: മൊഴിയെടുത്തു തുടങ്ങി
Q സർക്കാർ തീരുമാനിച്ച പുനരന്വേഷണവുമായി ബന്ധപ്പെട്ടു പ്രത്യേക പൊലീസ് സംഘം മൊഴിയെടുത്തോ?
A ഈ സമയം വരെ (ഇന്നലെ ഉച്ചയ്ക്കു 2 വരെ) പൊലീസ് സംഘം മൊഴിയെടുക്കാൻ എന്നെ സമീപിച്ചിട്ടില്ല. അത്തരം ഒരു അറിയിപ്പും ലഭിച്ചിട്ടുമില്ല. ഇന്നലെ രാവിലെ മുതൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർ മുളങ്കുന്നത്തുകാവ് കോഴിക്കുന്നിൽ ഞാൻ താമസിക്കുന്ന വീടിന് മുന്നിൽ ഡ്യൂട്ടിയിലുണ്ട്.
Q സിപിഎം തിരക്കഥയാണെന്ന് ബിജെപി നേതാവ് വി.മുരളീധരൻ ആരോപിച്ചിരുന്നു. അതിൽ സത്യമുണ്ടോ?
A എന്നെ സിപിഎം നേതാക്കളാരും ബന്ധപ്പെട്ടിട്ടില്ല. സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടെങ്കിൽപോലും അങ്ങനെ വിലയ്ക്കെടുക്കാൻ പറ്റിയ ആളല്ല ഞാൻ. അത്തരം കാര്യങ്ങൾക്ക് വഴങ്ങിക്കൊടുക്കുന്ന ആളല്ല ഞാനെന്ന് എന്നെ അറിയുന്നവർക്കറിയാം. സിപിഎം നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നേതാവായതിനാൽ സ്വന്തം അനുഭവത്തിൽ നിന്നായിരിക്കാം വി.മുരളീധരൻ അത്തരത്തിൽ ആരോപണം ഉന്നയിച്ചത്.
Q കേസ് ഇത്രയും കാലം ഒതുക്കിവച്ചത് സിപിഎം–ബിജെപി കൂട്ടുകെട്ട് കാരണമാണെന്ന് ആരോപണമുണ്ട്?
A സിപിഎം–ബിജെപി കൂട്ടുകെട്ട് ഉണ്ടെങ്കിൽത്തന്നെ അത്തരം തീരുമാനങ്ങൾ അറിയുന്നത് ഉന്നത നേതാക്കൾ മാത്രമായിരിക്കും. എനിക്ക് അതെക്കുറിച്ച് അറിയില്ല. ഞാൻ വെറുമൊരു സാധാരണ ബിജെപി പ്രവർത്തകൻ മാത്രമാണ്.
Q കേസുമായി ബന്ധപ്പെട്ട് യഥാർഥത്തിൽ നടന്നത് എന്താണ്?
A യഥാർഥത്തിൽ നടന്ന കാര്യങ്ങളാണു വെളിപ്പെടുത്തിയത്. ധർമരാജൻ എന്നു പേരുള്ളയാൾ പണച്ചാക്കുമായി രാത്രി 11ന് ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിൽ വന്നിട്ടുണ്ട്. പണം ഓഫിസിൽ ഇറക്കിയ ശേഷം പാർട്ടിയുടെ ജില്ലാ ട്രഷറർ സുജയ് സേനൻ നിർദേശിച്ചതനുസരിച്ച് ധർമരാജനു രാത്രി തങ്ങാൻ ഞാൻ ഹോട്ടലിൽ മുറി ബുക്ക് ചെയ്തു നൽകി. ധർമരാജനും സഹായികളായി ഒപ്പമുണ്ടായിരുന്നവരും ആ മുറിയിൽ രാത്രി താമസിച്ചിട്ടുണ്ട്. മുറിവിട്ടു പോയത് എപ്പോഴാണെന്ന് അറിയില്ല. പണം ജില്ലാ കമ്മിറ്റി ഓഫിസിൽ എത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ആവശ്യത്തിനായി മണ്ഡലം കമ്മിറ്റികൾക്കു വിതരണം ചെയ്തിട്ടുണ്ടാകുമെന്നാണു വിശ്വാസം.
Q ഏതെങ്കിലും തരത്തിൽ ജീവനു ഭീഷണിയുണ്ടോ?
A ജീവനു ഭീഷണി നേരിടുന്നുണ്ട്. സത്യങ്ങൾ വെളിച്ചത്തു വരുമ്പോൾ ജീവനു സ്വാഭാവികമായും ഭീഷണി ഉണ്ടാകുമല്ലോ. അതു നന്നായി മനസ്സിലാക്കുന്നു. ഭീഷണികൾ ഏതു രീതിയിൽ ഉണ്ടാകുമെന്നും എങ്ങനെ നടപ്പാക്കുമെന്നും വ്യക്തമായ ധാരണ എനിക്കുണ്ട്. അതിനു മിടുക്കുള്ള ആളുകളുമുണ്ട്. അത് അതിന്റെ വഴിക്കു നടക്കട്ടെ.
Q കള്ളപ്പണം ഓഫിസ് മുറിയിൽ ഇറക്കിയതിനടക്കം തെളിവുകളുണ്ടെന്നു പറഞ്ഞിരുന്നു. അവ പൊലീസിനു കൈമാറിയോ? ഡിജിറ്റൽ തെളിവുകളാണോ?
A എത്തിച്ചത് അക്കൗണ്ടിൽ പെടാത്ത കള്ളപ്പണമല്ലേ. അത്തരം പണം കൈകാര്യം ചെയ്യുന്നതു രാജ്യദ്രോഹക്കുറ്റമാണല്ലോ. ഞാൻ ദേശസ്നേഹിയായതിനാൽ ഡിജിറ്റൽ തെളിവുണ്ടാക്കുന്ന തരത്തിലുള്ള ബുദ്ധിമോശമൊന്നും ചെയ്തിട്ടില്ല. ഞാൻ കണ്ടതും കേട്ടതുമായ കാര്യങ്ങളാണ് വെളിപ്പെടുത്തുന്നത്.