ADVERTISEMENT

ഫാഷിസത്തിനെതിരായ പോരാട്ടത്തിൽ കേരളത്തിന്റെ പിന്തുണ തേടി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ മനോരമ ഹോർത്തൂസിൽ.

ഉപമുഖ്യമന്ത്രിയായശേഷം ആദ്യമായി കേരളത്തിലെത്തിയ ഉദയനിധി, ഡിഎംകെ അധികാരത്തിൽനിന്നു പുറത്തായാലും ദ്രാവിഡ മുന്നേറ്റം ഏറ്റവും പ്രധാന അജൻഡയായി ഡിഎംകെ മുന്നോട്ടുകൊണ്ടുപോകുമെന്നു പ്രഖ്യാപിച്ചു. പെരിയോറും അണ്ണാദുരൈയും കരുണാനിധിയും എം.കെ.സ്റ്റാലിനുംവരെ ദ്രാവിഡ മുന്നേറ്റത്തിന്റെ തേരാളികളായിരുന്നവരുടെയെല്ലാം പേരുകൾ എണ്ണിപ്പറഞ്ഞ ഉദയനിധി, ഭാഷാ അടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾക്കുവേണ്ടി തമിഴ്നാട് സഹിച്ച ത്യാഗവും ഓർമിപ്പിച്ചു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കുമേൽ ബിജെപി അടിച്ചേൽപിച്ച എല്ലാ ഫാഷിസത്തോടുമുള്ള പ്രതിരോധം മുന്നിൽനിന്നു നയിച്ചതു തമിഴ്നാടാണെന്ന് അവകാശപ്പെട്ടെങ്കിലും അതിൽ കേരളത്തിനുള്ള പങ്ക് കുറച്ചു കണ്ടില്ല. വിജയിന്റെ രാഷ്ട്രീയ പ്രവേശത്തിന്റെ ഓളത്തിലാണു തമിഴ്നാടെങ്കിലും വിജയിന് ഏറെ ആരാധകരുള്ള കേരളത്തിൽ തമിഴ്‌നാടിന്റെ സ്വത്വരാഷ്ട്രീയമല്ലാതെ കക്ഷിരാഷ്ട്രീയമൊന്നും പറയാതിരിക്കാനും ഉദയനിധി ശ്രദ്ധ വച്ചു. 

ഹിന്ദി അടിച്ചേൽപിക്കാനുള്ള ശ്രമങ്ങളെ നഖശിഖാന്തം എതിർത്ത പ്രസംഗത്തിൽ ഭാഷയോടല്ല, ഭാഷ വഴി കടത്താൻ ശ്രമിക്കുന്ന സാമൂഹിക അധിനിവേശത്തോടാണ് എതിർപ്പെന്നും പ്രഖ്യാപിച്ചു. ബിജെപി വിരുദ്ധ, ഫാഷിസ്റ്റ് വിരുദ്ധ ദക്ഷിണേന്ത്യൻ സഖ്യത്തിൽ കേരളത്തെ പ്രധാന കണ്ണിയാക്കുമ്പോഴും കേരളം ഭരിക്കുന്ന സിപിഎമ്മിനെ പരാമർശിക്കാതിരിക്കാനുള്ള ജാഗ്രത കാണിച്ചു. 

  തമിഴ്നാട്ടിലും ദേശീയതലത്തിലും ഇന്ത്യാസഖ്യത്തിൽ സിപിഎമ്മിനൊപ്പം കേരളത്തിലെ പ്രതിപക്ഷമായ കോൺഗ്രസുമുണ്ടെന്ന തിരിച്ചറിവായിരിക്കാം അതിനു പിന്നിൽ. നിറഞ്ഞ കയ്യടിയോടെയാണു ഹോർത്തൂസിലെ സദസ്സ് ഉദയനിധിയെ സ്വാഗതം ചെയ്തത്. ഫാഷിസ്റ്റ് വിരുദ്ധ പ്രഖ്യാപനങ്ങളിലെല്ലാം ആ പിന്തുണ തുടരുകയും ചെയ്തു.

വോട്ടിങ് യന്ത്രത്തെ സംശയം ബിജെപി ജയിക്കുമ്പോൾ മാത്രമല്ല: വേണുഗോപാൽ 

ലോക്സഭയിൽ പോലും ജനാധിപത്യപരമായി പ്രവർത്തിക്കാൻ പ്രതിപക്ഷത്തെ അനുവദിക്കാത്തതുകൊണ്ടാണു സഭയിൽ പ്രതിഷേധമുയരുന്നതെന്നും അതു ജനാധിപത്യമൂല്യങ്ങളെ നിലനിർത്താനുള്ള പോരാട്ടത്തിന്റെ ഭാഗമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി.േവണുഗോപാൽ എംപി. 

‘ഹോർത്തൂസ്’ വേദിയിലേക്കെത്തുന്ന എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ.
‘ഹോർത്തൂസ്’ വേദിയിലേക്കെത്തുന്ന എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ.

അടിയന്തരപ്രമേയങ്ങൾ അവതരിപ്പിക്കാൻ അനുമതി നൽകാതെ പ്രതിപക്ഷ ശബ്ദം ഇല്ലാതാക്കാനാണു ശ്രമം. ജമ്മു കശ്മീർ വിഭജനം പോലെ പ്രധാനപ്പെട്ട നിയമനിർമാണങ്ങൾ പോലും ദോശ പോലെ ചുട്ടെടുക്കുകയാണ്. ജനാധിപത്യ ധ്വംസനങ്ങൾക്കു മുന്നിൽ നിൽക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണെന്നും മനോരമ ഹോർത്തൂസ് വേദിയിൽ ‘ജനാധിപത്യ  ശരികൾ’ എന്ന ചർച്ചയിൽ വേണുഗോപാൽ അഭിപ്രായപ്പെട്ടു. 

കള്ളപ്പണം ഇല്ലാതാക്കുമെന്നു പറ‍ഞ്ഞാണ് നോട്ട് നിരോധിച്ചത്. അതിനുശേഷം കേരളത്തിൽ തിരഞ്ഞെടുപ്പിനായി കോടികളുടെ കള്ളപ്പണം എത്തിയിട്ടും അന്വേഷണമില്ല. തെറ്റായ നയങ്ങളിൽ ശബ്ദമുയർത്തുന്നവർക്ക് എതിരെ അന്വേഷണ ഏജൻസികളെ കെട്ടഴിച്ചുവിടുന്നു. ഇതു ചോദ്യം ചെയ്യുന്നത് ജനാധിപത്യസംവിധാനങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്താനല്ല. 

തിരഞ്ഞെടുപ്പ് പ്രക്രിയ സംശുദ്ധവും സംശയരഹിതവുമാകണം. ബിജെപി ജയിക്കുമ്പോൾ മാത്രമല്ല വോട്ടിങ് യന്ത്രത്തെ സംശയിക്കുന്നത്. പല വികസിതരാജ്യങ്ങളിലും ബാലറ്റ് പേപ്പറിലാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. നേതാക്കളുടെ മക്കളെ തിരഞ്ഞുപിടിച്ച് മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരുമാക്കിയ ബിജെപിക്ക് കുടുംബാധിപത്യത്തെക്കുറിച്ചു പറയാൻ അർഹതയില്ല.

കേരളത്തിലെ സിപിഎമ്മിൽ നടക്കുന്നത് എന്തു തരം കുടുംബാധിപത്യമാണെന്നു നമുക്ക് അറിയാവുന്നതല്ലേ? രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച രണ്ടു രക്തസാക്ഷികളുടെ കുടുംബത്തിൽനിന്നാണു പ്രിയങ്ക വരുന്നത്. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വമുണ്ടായശേഷം ഗാന്ധി കുടുംബത്തിൽനിന്നൊരാൾ മന്ത്രിപദവിയിൽപ്പോലും ഇരുന്നിട്ടില്ലെന്നും മനോരമ ന്യൂസ് ഡൽഹി ചീഫ് ഓഫ് ബ്യൂറോ നിഷ പുരുഷോത്തമനുമായുള്ള സംഭാഷണത്തിൽ വേണുഗോപാൽ‌ പറഞ്ഞു. 

English Summary:

Udayanidhi Stalin sought Kerala's support in the fight against fascism at manorama hortus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com