കുഴൽപണം: സിപിഎം–ബിജെപി ധാരണയെന്ന് കോൺഗ്രസ്; തെളിവു നിരത്തി പ്രചാരണത്തിന്
Mail This Article
തിരുവനന്തപുരം∙ സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണയുണ്ടെന്ന പ്രചാരണം ഊർജിതമാക്കാനും അതുസംബന്ധിച്ച തെളിവുകളുമായി ജനങ്ങളിലേക്കിറങ്ങാനും കോൺഗ്രസ് തീരുമാനം.
സർക്കാരിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞുള്ള പ്രചാരണത്തിനാണു പാർട്ടി ഇതുവരെ ഊന്നൽ നൽകിയത്. കൊടകര കുഴൽപണക്കേസിനു വീണ്ടും ജീവൻവച്ചതോടെയാണു സിപിഎമ്മിനെയും ബിജെപിയെയും കൂട്ടിച്ചേർത്തുള്ള പ്രചാരണത്തിനു കോൺഗ്രസ് മുന്നിട്ടിറങ്ങുന്നത്.
ബിജെപി, ആർഎസ്എസ് നേതാക്കൾ ഉൾപ്പെട്ട സംഭവങ്ങളിൽ അന്വേഷണത്തിലടക്കം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അലംഭാവം ചൂണ്ടിക്കാട്ടി ഇരുകക്ഷികളും തമ്മിലുള്ള രഹസ്യധാരണ പുറത്തുകൊണ്ടുവരുമെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
പ്രധാനമായും ഉന്നയിക്കുക മൂന്നു സംഭവങ്ങൾ
1. കൊടകര കുഴൽപണക്കേസ്: സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കൾക്കു പങ്കുണ്ടെന്ന് 3 വർഷം മുൻപുതന്നെ സർക്കാരിനു വ്യക്തമായ അറിവുണ്ടായിട്ടും കേന്ദ്രഏജൻസികളുടെ അന്വേഷണത്തിനായി എന്തുകൊണ്ടു സമ്മർദം ചെലുത്തിയില്ല? ആവശ്യങ്ങളുന്നയിക്കാനും പരാതികൾ പറയാനും കേന്ദ്രസർക്കാരിനു നിരന്തരം കത്തയയ്ക്കുന്ന മുഖ്യമന്ത്രി സുരേന്ദ്രനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണം വേണമെന്ന് ഒരിക്കലെങ്കിലും ആവശ്യപ്പെട്ടോ?
2. എഡിജിപി – ആർഎസ്എസ് കൂടിക്കാഴ്ച: ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ തൃശൂരിൽ ഹോട്ടലിൽ താമസിച്ച ദിവസം എഡിജിപി എം.ആർ.അജിത്കുമാർ അവിടെയെത്തിയിരുന്നുവെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ആഭ്യന്തരവകുപ്പ് പൂഴ്ത്തി. ഒരു വർഷത്തിനു ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇക്കാര്യം പുറത്തുവിട്ടതോടെയാണ് അന്വേഷണത്തിനു സർക്കാർ തയാറായത്.
3. സുരേഷ് ഗോപിക്കെതിരായ കേസ്: തൃശൂർ പൂരം അലങ്കോലപ്പെട്ട ദിവസം ആംബുലൻസിൽ സുരേഷ് ഗോപിയെത്തിയതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടും സർക്കാർ അനങ്ങിയില്ല. 6 മാസത്തിനു ശേഷമാണു കേസെടുത്തത്.