വയനാടിനോടുള്ള പ്രിയംപറഞ്ഞ്; ചെറുപ്രസംഗങ്ങളിലൂടെ ജനത്തെ കയ്യിലെടുത്ത് പ്രിയങ്കയുടെ പ്രചാരണം
Mail This Article
കൽപറ്റ ∙ കോറോത്ത് അങ്ങാടിയിലെ കോർണർ യോഗത്തിലെ ജനക്കൂട്ടത്തിന്റെ മുൻനിരയിൽ ആർത്തുവിളിച്ച പെൺകുട്ടികളിലൊരാളെ ചൂണ്ടി ചെറുചിരിയോടെ പ്രിയങ്ക ഗാന്ധി പറഞ്ഞു; ‘നിങ്ങളെ കാണാൻ എന്റെ മകളെപ്പോലെയിരിക്കുന്നു’. പ്രിയനേതാവിന്റെ വാക്കുകൾ കേട്ട് പെൺകുട്ടിയുടെ മുഖം വിടർന്നു. പ്രസംഗത്തിനിടയിൽ വാളാട് എന്ന സ്ഥലപ്പേര് വാലാട്, വല്ലാട് എന്നിങ്ങനെ ഉച്ചരിച്ചതിലെ അബദ്ധം മനസ്സിലാക്കി പ്രിയങ്ക തമാശയായി പറഞ്ഞു: ‘മലയാളം പഠിച്ചെടുക്കാൻ കുറച്ചുകൂടി സമയം തരണം’. അത് ആസ്വദിച്ച് ജനക്കൂട്ടത്തിന്റെ കൈയടി. ഇന്നലെ മാനന്തവാടി ഗാന്ധി പാർക്കിലെ ആദ്യയോഗത്തിൽ പ്രിയങ്കയ്ക്കൊപ്പം ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുമുണ്ടായിരുന്നു. ‘പിതാവിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ട നളിനിയെ ആലിംഗനം ചെയ്തവളാണു പ്രിയങ്ക. നളിനിയെ കണ്ടശേഷം അവളെക്കുറിച്ചാണു വിഷമമെന്നാണു പ്രിയങ്ക പറഞ്ഞത്’– രാഹുലിന്റെ സാക്ഷ്യം.
വയനാടിന്റെ പ്രകൃതിഭംഗിയെയും വയനാട്ടുകാരുടെ ബ്രിട്ടിഷ് വിരുദ്ധ സമര പാരമ്പര്യത്തെയുമെല്ലാം പ്രിയങ്ക പ്രസംഗത്തിൽ വാനോളം പുകഴ്ത്തി. അതിസമ്പന്നരോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗഹൃദം എങ്ങനെയാണു സാധാരണക്കാർക്കെതിരായ നയങ്ങളായി രൂപപ്പെടുന്നതെന്നു വിശദീകരിച്ചു. തൊഴിലുറപ്പുപദ്ധതിയുടെ ഫണ്ട് വെട്ടിക്കുറച്ചതു പാവപ്പെട്ടവരുടെ കയ്യിൽ പണമില്ലാതാക്കി. ആദിവാസി വിഭാഗങ്ങൾക്കു മെച്ചപ്പെട്ട ചികിത്സ അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ കേന്ദ്രസർക്കാർ ഒരുക്കുന്നില്ല– പ്രിയങ്ക പറഞ്ഞു. ഇടതുപക്ഷത്തെ പേരെടുത്തോ രൂക്ഷമായോ വിമർശിക്കാതെയാണ് പ്രിയങ്കയുടെ പ്രസംഗങ്ങൾ.
ഡൽഹിയിൽ സന്യാസിനീ സമൂഹത്തിനൊപ്പം ചേർന്നു സാമൂഹികസേവനം നടത്തിയ കാലം അവർ ഓർത്തെടുത്തു. മിഷനറീസ് ഓഫ് ചാരിറ്റിയിലെ ഏറ്റവും അടുത്ത സുഹൃത്തായ സിസ്റ്റർ റോസ്ബെൽ മാനന്തവാടി സ്വദേശിയാണ്. സിസ്റ്ററുടെ അമ്മ വയനാട്ടിൽ ആരോഗ്യസംവിധാനങ്ങളുടെ അപര്യാപ്തത കൊണ്ടാണു മരിച്ചത്. വയനാട്ടിൽ മെഡിക്കൽ കോളജ് യാഥാർഥ്യമാക്കണമെന്നാണ് സിസ്റ്റർ ആവശ്യപ്പെട്ടത്– പ്രിയങ്ക പറഞ്ഞു.
കർഷകർ, സ്ത്രീകൾ, ആദിവാസികൾ, പെൺകുട്ടികൾ തുടങ്ങി എല്ലാ വിഭാഗങ്ങളിൽപെട്ടവരും നേരിടുന്ന പ്രതിസന്ധി വിവരിച്ചുള്ള ലഘുപ്രസംഗമാണ് പ്രിയങ്ക നടത്തിയത്. ഇന്ന് കേണിച്ചിറ, പുൽപള്ളി, മുള്ളൻകൊല്ലി, മുട്ടിൽ, വൈത്തിരി എന്നിവിടങ്ങളിലാണു പര്യടനം. 7 വരെ പ്രിയങ്ക ഗാന്ധി വയനാട്ടിലുണ്ടാകും.