പട്ടികവിഭാഗം സ്പെഷൽ റിക്രൂട്മെന്റ്: അവസരം 2 തവണ; ആളില്ലെങ്കിൽ നിയമനം മറ്റു വിഭാഗങ്ങൾക്ക്
Mail This Article
തിരുവനന്തപുരം ∙ പട്ടികവിഭാഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റിന് 2 തവണ അപേക്ഷ ക്ഷണിച്ചിട്ടും അർഹതയുള്ളവർ അപേക്ഷിച്ചില്ലെങ്കിൽ പകരം ആ തസ്തിക മറ്റു വിഭാഗക്കാർക്കു നൽകാൻ സർക്കാർ തീരുമാനിച്ചു. സമാനമായ മറ്റൊരു തസ്തികയിൽ പട്ടികവിഭാഗക്കാർക്കു നിയമനം ഉറപ്പാക്കും. ഒട്ടേറെ സ്പെഷൽ റിക്രൂട്മെന്റ് തസ്തികകളിൽ പലവട്ടം അപേക്ഷ ക്ഷണിച്ചിട്ടും ആളെ കിട്ടാത്തതിനാലാണു നിയമന നടപടിയിൽ ഭേദഗതി വരുത്തിയത്.
2 തവണ അപേക്ഷ ക്ഷണിച്ചിട്ടും ആരെയും കിട്ടിയില്ലെങ്കിൽ ആ തസ്തികയുടെ യോഗ്യതയിൽ ഇളവു വരുത്തുന്നതാണ് നിലവിലെ രീതി. എന്നാൽ, ഇതിനായി സ്പെഷൽ റൂൾ ഭേദഗതി ചെയ്യുന്നതടക്കമുള്ള ഒട്ടേറെ നടപടിക്രമങ്ങളുണ്ട്. ഇതു പൂർത്തിയാക്കാൻ ഏറെ സമയമെടുക്കുന്നതിനാലാണു പുതിയ തീരുമാനം. പകരം, സമാന തസ്തികയിൽ ജോലി നൽകുന്നതിനാൽ സംവരണതത്വം പാലിക്കുന്നുണ്ടെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.