പൂരം നിർത്തിവച്ചത് പൊലീസ് രാജിൽ പ്രതിഷേധിക്കാൻ: തിരുവമ്പാടി ദേവസ്വം
Mail This Article
തൃശൂർ ∙ സിറ്റി പൊലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകന്റെ ‘പൊലീസ് രാജ്’ മുൻവർഷത്തെ പോലെ 2024ലും തുടർന്നതാണ് തൃശൂർ പൂരം നിർത്തിവയ്ക്കേണ്ടിവന്നതിലേക്കു നയിച്ചതെന്ന് തൃശൂർ തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ മൊഴി. പൂരം അലങ്കോലപ്പെട്ട സംഭവം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനു മുൻപാകെ സെക്രട്ടറി കെ.ഗിരീഷ് കുമാറും ജോയിന്റ് സെക്രട്ടറി പി.ശശിധരനുമാണു മൊഴി നൽകിയത്.
2023ൽ ബാരിക്കേഡ് ഉപയോഗിച്ചു നടത്തിയ അനാവശ്യ നിയന്ത്രണങ്ങൾ പൂരത്തിന്റെ സുഗമമായ നടത്തിപ്പിനെ ബാധിച്ചെന്ന് പൂരം യോഗങ്ങളിൽ പരാതിപ്പെട്ടിട്ടും നടപടികൾ കടുപ്പിക്കുകയാണു പൊലീസ് ചെയ്തത്. ഇതിനെതിരെ പ്രതികരിക്കണമെന്ന് തട്ടക നിവാസികളും ദേവസ്വം ജനറൽ ബോഡി യോഗവും തീരുമാനിച്ചിരുന്നു. രാവിലെ ക്ഷേത്രത്തിൽനിന്നു പൂരം പുറപ്പെട്ടതു മുതൽ പൊലീസ് തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു.
ഭാരവാഹികളും തട്ടകക്കാരും ക്ഷമയോടെ നിന്നെങ്കിലും കുടമാറ്റം സമയത്തു കുട കൈമാറുന്നവരെയും ആനയ്ക്കു പട്ട എത്തിക്കുന്നവരെയും തടയുകയും രാത്രി പൂരത്തിനു വഴികൾ കെട്ടിയടയ്ക്കുകയും ചെയ്തതോടെ വൈകാരികമായി പ്രതികരിക്കാൻ നിർബന്ധിതരായി. പൂരം സ്വരാജ് റൗണ്ടിൽ അവസാനിപ്പിച്ച് ചടങ്ങു മാത്രമാക്കി തിരിച്ചുപോകാമെന്നും വെടിക്കെട്ടു നടത്തേണ്ടെന്നും തീരുമാനിച്ചു. പിന്നീടു നടത്തിയ ചർച്ചയിലും, പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ പ്രകോപനം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. പൊലീസിന്റെ പിടിവാശിയാണ് വെടിക്കെട്ട് പകൽ നടത്തി അവസാനിപ്പിക്കേണ്ട സാഹചര്യമുണ്ടാക്കിയത്. ഇത്തരം നടപടികൾ 2025ലും ആവർത്തിക്കാതിരിക്കാനാണ് പ്രതിഷേധിച്ചതെന്നും മൊഴിയിലുണ്ട്. പൊലീസ് ക്ലബിൽ രാവിലെ 10.45ന് ആരംഭിച്ച മൊഴിയെടുപ്പ് നാലര മണിക്കൂർ നീണ്ടു. തൃശൂർ റൂറൽ അഡീഷനൽ എസ്പി വി.എ.ഉല്ലാസിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കൽ.
സിറ്റി പൊലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകന്റെ ഏകപക്ഷീയ നിലപാടുകൾ തൃശൂർപൂരം ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കൽ സംഘത്തെയും പ്രവർത്തനങ്ങളെയും ദുഷ്കരമാക്കിയെന്ന് കഴിഞ്ഞദിവസം ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മൊഴി നൽകിയിരുന്നു.