മാർച്ച്പാസ്റ്റ് അല്ല,സാഹോദര്യത്തിന്റെ വിക്ടറി പരേഡ് !
Mail This Article
കൊച്ചി ∙ ഫോർട്ട്കൊച്ചി വെളി മൈതാനം ഇഎംജി എച്ച്എസിലെ 6–ാം ക്ലാസ് വിദ്യാർഥി ശ്രീലക്ഷ്മി ഇന്നലെ മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ചിരിച്ചു നിന്നത് ഒരു ‘റെക്കോർഡ്’ കുറിച്ചതിന്റെ അഭിമാനത്തോടെയാണ്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി സ്കൂൾ കായികമേളയിൽ ഭിന്നശേഷിയുള്ളവർ കൂടി എത്തുമ്പോൾ ആ ടീമിലെ താരങ്ങളിൽ ഒരാളായിരുന്നു ശ്രീലക്ഷ്മി.
മേളയുടെ ബ്രാൻഡ് അംബാസഡർ പി.ആർ.ശ്രീജേഷിനും മന്ത്രി വി.ശിവൻകുട്ടിക്കും ഒപ്പം ശ്രീലക്ഷ്മി ദീപം തെളിച്ചതോടെ ഉദ്ഘാടന സായാഹ്നത്തിനു സാഹോദര്യത്തിന്റെ സ്വർണഛായ പരന്നു. ഉദ്ഘാടനച്ചടങ്ങിനു മുൻപു നടന്ന മാർച്ച്പാസ്റ്റിലും മുന്നിലായി അണിനിരന്നത് ഭിന്നശേഷി താരങ്ങൾ തന്നെ. ആലപ്പുഴ മുഹമ്മദൻ ബോയ്സ് എച്ച്എസ്എസിലെ 8–ാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഇമ്രാനായിരുന്നു സംഘത്തെ നയിച്ചവരിലൊരാൾ.
സർക്കാർ സ്കൂളുകളിലെയും സ്പെഷൽ സ്കൂളുകളിലെയും ഭിന്നശേഷിയുള്ള ഏകദേശം 1600 കുട്ടികളാണ് ഇന്നു നടക്കുന്ന ഇൻക്ലൂസീവ് വിഭാഗത്തിലെ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. അത്‌ലറ്റിക്സിലെ വിവിധ ഇനങ്ങൾക്കു പുറമേ, ഫുട്ബോൾ, ഹാൻഡ്ബോൾ, ബാഡ്മിന്റൻ തുടങ്ങിയ ഗെയിംസ് ഇനങ്ങളിലും ഇൻക്ലൂസീവ് വിഭാഗത്തിൽ മത്സരമുണ്ട്.