‘പിഎസ്‌സി ജാതി അന്വേഷിക്കേണ്ട’: ഹൈക്കോടതിയുടെ സുപ്രധാന വിധി
Mail This Article
കൊച്ചി ∙ ഉദ്യോഗാർഥിയുടെ ജാതി സംബന്ധിച്ചു സംശയമുണ്ടായാൽ അന്വേഷണം നടത്താൻ പിഎസ്‌സിക്ക് അധികാരമില്ലെന്നു ഹൈക്കോടതി വിധിച്ചു. ജാതി സർട്ടിഫിക്കറ്റ് റദ്ദാക്കാനും പിഎസ്‌സിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി.എം.മനോജ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തട്ടിപ്പ് കാട്ടിയാണു ജാതി സർട്ടിഫിക്കറ്റ് ലഭ്യമാക്കിയത് എന്നതുൾപ്പെടെ സംശയം തോന്നിയാൽ റവന്യു വകുപ്പിനോ ബന്ധപ്പെട്ട ഏജൻസിക്കോ ആണു വിഷയം റഫർ ചെയ്യേണ്ടതെന്നും കോടതി പറഞ്ഞു.
ഹിന്ദു നാടാർ വിഭാഗത്തിനായി നീക്കിവച്ച ഫയർമാൻ തസ്തികയിലേക്കുള്ള നിയമനം മതം മാറിയെന്ന പേരിൽ നിഷേധിച്ച പിഎസ്‌സി നടപടി ചോദ്യം ചെയ്ത് തിരുവനന്തപുരം സ്വദേശി എസ്.പി.അനു നൽകിയ ഹർജിയാണു കോടതി പരിശോധിച്ചത്. 2015 ൽ ആദ്യം ജയിൽ വാർഡനായാണു ഹർജിക്കാരന് നിയമനം ലഭിച്ചത്. പിന്നീട് ഫയർമാനായി സിലക്‌ഷൻ ലഭിച്ചപ്പോൾ വാർഡൻ ജോലി രാജിവച്ചു. ഒരു വർഷത്തിനുശേഷം, ജാതിയുടെ കാര്യത്തിൽ തട്ടിപ്പ് കാണിച്ചെന്ന് ആരോപിച്ചു പിഎസ്‌സി കാരണം കാണിക്കൽ നോട്ടിസ് നൽകി. അപേക്ഷ അയയ്ക്കാനുള്ള അവസാന തീയതിക്കുശേഷം അനു ഹിന്ദു നാടാർ വിഭാഗത്തിൽനിന്നു ക്രിസ്ത്യൻ മതത്തിലേക്കു മാറിയെന്നും പിന്നീട് 2014 ൽ ജയിൽ വാർഡന്റെ തസ്തികയിലേക്ക് അപേക്ഷ നൽകിയതിനുശേഷം വീണ്ടും ഹിന്ദു നാടാർ വിഭാഗത്തിലേക്കു മാറിയെന്നുമാണ് പിഎസ്‌സി ചൂണ്ടിക്കാട്ടിയത്.
അഡ്വൈസ് മെമ്മോ റദ്ദാക്കിയ പിഎസ്‌സി ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്യാനും ഉത്തരവിട്ടു. ഹർജിക്കാരൻ ഭാവി തസ്തികകളിലേക്ക് അപേക്ഷ അയയ്ക്കുന്നത് വിലക്കി. പിഎസ്‌സിയുടെ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ശരിവച്ചു. ക്രിസ്ത്യൻ വിഭാഗത്തിലുള്ള സ്ത്രീയെ ഹർജിക്കാരൻ 2013 ൽ വിവാഹം കഴിച്ചെന്നതു കണക്കിലെടുത്തായിരുന്നു ട്രൈബ്യൂണൽ ഉത്തരവ്. 2014 ൽ ആര്യ സമാജം വഴി ഹിന്ദുമതം സ്വീകരിച്ചെന്നതും ഇതുമായി ബന്ധപ്പെട്ടു ഗസറ്റ് വിജ്ഞാപനമുള്ളതും കണക്കിലെടുത്തു. തുടർന്നാണു ഹർജി നൽകിയത്.
താൻ മതം മാറിയിട്ടില്ലെന്നും ക്രിസ്ത്യൻ വിഭാഗത്തിലുള്ള യുവതിയെ വിവാഹം കഴിച്ചതിന്റെ ചടങ്ങാണ് പള്ളിയിൽ നടന്നതെന്നുമായിരുന്നു വാദം. എസ്‌എസ്എൽസി ഉൾപ്പെടെ സർട്ടിഫിക്കറ്റിൽ ഹിന്ദു നാടാർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നും ബോധിപ്പിച്ചു. എന്നാൽ, വിജ്ഞാപനം തന്നെ മതം മാറിയെന്നതിന് തെളിവായതിനാൽ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു പിഎസ്‌സി വാദിച്ചത്. പിഎസ‌്സിയുടെ ഉത്തരവുകൾ റദ്ദാക്കിയ ഹൈക്കോടതി ഹർജിക്കാരന്റെ ജാതി നിർണയത്തിനായി വിഷയം ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറുന്നതിന് ഉത്തരവ് തടസ്സമല്ലെന്നും വ്യക്തമാക്കി.