ADVERTISEMENT

തിരുവനന്തപുരം ∙ മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ച സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണമാരംഭിച്ചു. വാട്സാപ് ഗ്രൂപ്പിന്റെ ഐപി അഡ്രസ് ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് മെറ്റ കമ്പനിയോടു തേടി. തന്റെ ഫോൺ ഹാക്ക് ചെയ്ത് ഗ്രൂപ്പുകളുണ്ടാക്കിയെന്നു സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാറിനു പരാതി നൽകിയ വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനിൽനിന്നു ഗ്രൂപ്പുകളുടെ സ്ക്രീൻ ഷോട്ടുകളും പൊലീസ് ശേഖരിച്ചു. ഹാക്ക് ചെയ്തതെന്നു പറയപ്പെടുന്ന മൊബൈൽ ഫോൺ ഉടൻ പൊലീസിനെ ഏൽപിക്കാൻ കമ്മിഷണർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. രേഖകളും ചിത്രങ്ങളുമടക്കമുള്ള സ്വകാര്യ ശേഖരം നീക്കിയ ശേഷം ഇന്നു ഫോൺ കൈമാറാമെന്ന് ഗോപാലകൃഷ്ണൻ അറിയിച്ചു. 

വാട്സാപ്പിൽ നിന്നുള്ള വിവരം ലഭിച്ച ശേഷമായിരിക്കും കേസെടുത്തുള്ള അന്വേഷണം. ഹാക്ക് ചെയ്ത് മറ്റാരോ രൂപീകരിച്ചതാണെന്നു വിശദീകരിച്ചെങ്കിലും ഗ്രൂപ്പിനെക്കുറിച്ചുള്ള വാർത്ത പുറത്തുവന്ന ശേഷം ഇന്നലെ രാവിലെ മാത്രമാണ് കമ്മിഷണർക്കു ഗോപാലകൃഷ്ണൻ പരാതി നൽകിയത്. 

മതാടിസ്ഥാനത്തിനുള്ള വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കുന്നത് സർവീസ് ചട്ടലംഘനമാണ്. ഫോൺ ഹാക്ക് ചെയ്ത് 11 ഗ്രൂപ്പുകളുണ്ടാക്കിയെന്നാണു കമ്മിഷണർക്കു ലഭിച്ച പരാതി. കഴിഞ്ഞ മാസം 30ന് ആണു ‘മല്ലു ഹിന്ദു ഓഫിസേഴ്സ്’ എന്ന പേരിൽ ഗോപാലകൃഷ്ണൻ അഡ്മിനായി ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടത്.

ഹാക്ക് ചെയ്തവർ ‘മല്ലു മുസ്‌ലിം ഓഫിസേഴ്സ്’ എന്ന പേരിൽ മറ്റൊരു ഗ്രൂപ്പുമുണ്ടാക്കിയെന്നും തന്റെ ഫോണിലെ കോൺടാക്ട് പട്ടികയിലുള്ളവരെ ഉൾപ്പെടുത്തി ആകെ 11 ഗ്രൂപ്പുകളുണ്ടാക്കിയെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്. മുസ്‌ലിം ഗ്രൂപ്പിൽ ഉൾപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥരും കമ്മിഷണർക്കു പരാതി നൽകിയിട്ടുണ്ട്. അതേക്കുറിച്ചും അന്വേഷണമാരംഭിച്ചു.

ഇന്നലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ നേരിൽക്കണ്ടു ഗോപാലകൃഷ്ണൻ വിശദീകരണം നൽകി. ഫോൺ ഹാക്ക് ചെയ്തതാണെന്നും പരാതി പൊലീസ് കമ്മിഷണർക്കു നൽകിയെന്നുമാണ് അറിയിച്ചത്. ചീഫ് സെക്രട്ടറി വിഷയം സർക്കാരിനെ അറിയിച്ചു. വിഷയത്തിൽ, ഐഎഎസ് ഉദ്യോഗസ്ഥരുടെ അസോസിയേഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നീക്കങ്ങൾ സംശയനിഴലിൽ 

ഫോൺ ഹാക്ക് ചെയ്തുവെന്ന നിലപാടിൽ ഉറച്ചുനിൽക്കുമ്പോഴും കെ.ഗോപാലകൃഷ്ണന്റെ വിശദീകരണം സംശയനിഴലിലാണ്. ഇത്തരമൊരു സംഭവം മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഹാക്ക് ചെയ്തവർ മതാടിസ്ഥാനത്തിൽ ഗ്രൂപ്പുകളുണ്ടാക്കിയത് അസ്വാഭാവികമാണെന്ന ചർച്ച ഐഎ എസ് ഉദ്യോഗസ്ഥർക്കിടയി    ലുമുണ്ട്. 

അതിനിടെ, ഗോപാലകൃഷ്ണൻ ഡൽഹിയിലെ മുതിർന്ന ബിജെപി നേതാവിന് വാട്സാപ് സന്ദേശം അയച്ചതായി പൊലീസിനു വിവരം ലഭിച്ചു. ഡൽഹിയിലേക്കു മാറ്റം വേണമെന്നും ഉചിതമായ സ്ഥാനം നൽകണമെന്നുമാണ് ആവശ്യം. ഹിന്ദു ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പിന്റെ സ്ക്രീൻ ഷോട്ടും അയച്ചതായാണു വിവരമെന്ന് ഇന്റലിജൻസ് ഉന്നതർ പറയുന്നു. ഇക്കാര്യവും സൈബർ പൊലീസ് അന്വേഷിക്കുന്നുണ്ട്. റിപ്പോർട്ട് വരുന്നതുവരെ മറ്റു നടപടി വേണ്ടെന്നാണു സർക്കാർ തീരുമാനം.

English Summary:

Police sought information from Meta regarding WhatsApp group on religious basis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com