വിവരങ്ങളെല്ലാം കയ്യിൽ; 3 വർഷം മൗനം
Mail This Article
തിരുവനന്തപുരം ∙ കൊടകര കുഴൽപണക്കേസിൽ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ തുടരന്വേഷണം പ്രഖ്യാപിക്കുകയും കേന്ദ്ര അന്വേഷണം ആവശ്യപ്പെടുകയും ചെയ്യുന്ന സംസ്ഥാനസർക്കാർ 3 വർഷം പാലിച്ച മൗനം സംശയാസ്പദം. തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം തുടരന്വേഷണം തീരുമാനിച്ച സർക്കാരിന്റെ പക്കൽ 3 വർഷമായി ആ വിവരങ്ങളെല്ലാമുണ്ട്.
കേസന്വേഷിച്ച പ്രത്യേകസംഘം ഇരിങ്ങാലക്കുട ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ 2021 ജൂൺ 9നു സമർപ്പിച്ച റിപ്പോർട്ടിൽ കുഴൽപണം കടത്തിയതിൽ ബിജെപി നേതാക്കൾക്കുള്ള പങ്ക് സംബന്ധിച്ച വിശദമായ വിവരങ്ങളുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ അറിവോടെയും നേതാക്കളുടെ നിർദേശപ്രകാരവുമാണ് നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി കർണാടകയിൽനിന്നു ധർമരാജൻ പണമെത്തിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹവാല ഇടപാട്, പണത്തിന്റെ സ്രോതസ്സ് എന്നിവ കണ്ടെത്തേണ്ടത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അടക്കമുള്ള കേന്ദ്ര ഏജൻസികളാണെന്നിരിക്കെ, അക്കാര്യമാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനുമേൽ സമ്മർദം ചെലുത്താൻ സംസ്ഥാനസർക്കാർ ഇതുവരെ തയാറായില്ല. സംസ്ഥാനാന്തര ഹവാല ഇടപാട് ഉൾപ്പെട്ട കേസിന്റെ വിശദാംശങ്ങൾ കേന്ദ്ര ഏജൻസികൾ ആവശ്യപ്പെട്ടപ്പോൾ മാത്രമാണു പൊലീസ് നൽകിയത്.
റിപ്പോർട്ടിൽ ഏജൻസികൾ തുടർനടപടി സ്വീകരിച്ചില്ല; കാരണം സംസ്ഥാനം അന്വേഷിച്ചതുമില്ല. ഹവാല ബന്ധമടക്കം പുറത്തുകൊണ്ടുവരേണ്ടിയിരുന്ന അന്വേഷണമാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അലംഭാവം മൂലം ഇല്ലാതായത്. ബിജെപിയുടെ ദേശീയ, സംസ്ഥാന നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്നു വ്യക്തമായിട്ടും കവർച്ചക്കേസിനപ്പുറത്തേക്ക് അന്വേഷണം നീങ്ങിയതുമില്ല.
കുഴൽപണം കടത്തിയത് കെ.സുരേന്ദ്രന്റെ അറിവോടെയാണെന്നു പൊലീസ് കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരുന്നതു രാഷ്ട്രീയമായും ഇടതുപക്ഷത്തിനു ഗുണം ചെയ്യുമായിരുന്നു. പക്ഷേ അനങ്ങാതിരുന്ന സർക്കാർ, ഉപതിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് തുടരന്വേഷണം പ്രഖ്യാപിച്ചത്. ഈ മാസം ഒന്നിന് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തിരൂർ സതീഷിന്റെ മൊഴി അന്വേഷണസംഘം ഇനിയും രേഖപ്പെടുത്തിയിട്ടില്ല.