ADVERTISEMENT

തൊടുപുഴ∙ പാർലമെന്റ് തിരഞ്ഞെടുപ്പിനിടെ പാർട്ടിയറിയാതെ സിപിഎം നേതാവ് ലക്ഷങ്ങൾ മുടക്കി ശാന്തൻപാറ വില്ലേജിലെ പേത്തൊട്ടിയിൽ 14.87 ഏക്കർ ഭൂമി വാങ്ങിയതു വിവാദത്തിൽ. ‘ബോട്ട് ഇൻ ലാൻഡ്’ ആയി സർക്കാർ ഏറ്റെടുത്ത ഭൂമിയാണ് ഏരിയ കമ്മിറ്റിയംഗം കൂടിയായ നേതാവ് നിയമവിരുദ്ധമായി സർവ മുക്ത്യാർ (പവർ ഓഫ് അറ്റോണി) വഴി സ്വന്തമാക്കിയത്.

റവന്യു റിക്കവറിയെ തുടർന്നു ലേലത്തിനു വയ്ക്കുകയും എന്നാൽ ലേലത്തിൽ ഭൂമി ആരും ഏറ്റെടുക്കാതെ വരികയും ചെയ്യുമ്പോഴാണു ബോട്ട് ഇൻ ലാൻഡായി റവന്യു വകുപ്പ് ഭൂമിയേറ്റെടുക്കുന്നത്. ഇങ്ങനെ ഏറ്റെടുക്കുന്ന ഭൂമി കൈമാറ്റം ചെയ്യുന്നതു നിയമവിരുദ്ധമാണ്. റവന്യു റിക്കവറിക്കു ശേഷം നിശ്ചിത വർഷത്തിനുള്ളിൽ, റവന്യു റിക്കവറിയ്ക്ക് ഇടയാക്കിയ വായ്പക്കുടിശികയും പലിശയും അടച്ചുതീർത്താൽ ഭൂമി ഉടമസ്ഥനു വിട്ടുനൽകാനാകും.

അതുവരെ ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പിനും നടത്തിപ്പു ചുമതല വില്ലേജ് ഓഫിസർക്കുമാണ്. ഇങ്ങനെയുള്ള വസ്തു കൃഷിക്കോ നിർമാണപ്രവർത്തനങ്ങൾക്കോ വേണ്ടി ഉപയോഗിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താൽ ഭൂസംരക്ഷണ നിയമപ്രകാരം കേസെടുക്കാൻ വ്യവസ്ഥയുണ്ട്.

തമിഴ്നാട് തിരുച്ചിറപ്പള്ളി സോമരാസംപെട്ടൈ സ്വദേശിയായ എൺപത്തിമൂന്നുകാരനിൽ നിന്നാണ് കഴിഞ്ഞ ഏപ്രിൽ 8ന് സിപിഎം നേതാവ് മുക്ത്യാർ എഴുതി വാങ്ങിയത്. പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എൽഡിഎഫ് സ്ഥാനാർഥി ഹൈറേഞ്ച് മേഖലയിൽ പര്യടനം നടത്തിയതിന്റെ തലേന്നാണ് നാട്ടുകാരനായ ഏരിയ കമ്മിറ്റിയംഗം വസ്തു ഇടപാട് നടത്തിയത്. 

പിന്നീട് ഈ വസ്തുവുമായി അതിർത്തി പങ്കിടുന്ന മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ ഒരു ഭാഗം കൈവശപ്പെടുത്താനും നേതാവ് ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ടു ദേവികുളം മുൻസിഫ് കോടതിയിൽ കേസുണ്ടായിരുന്നു.

നേതാവ് ഭൂമി കയ്യേറിയ സംഭവത്തിൽ, ഈ വസ്തു പാട്ടത്തിനെടുത്തയാൾ സിപിഎം ജില്ലാ നേതൃത്വത്തിനും പരാതി നൽകി. പരാതി ഒത്തുതീർപ്പാക്കാൻ മുൻകയ്യെടുത്ത ജില്ലാ നേതൃത്വം പക്ഷേ, ഏരിയ കമ്മിറ്റിയംഗത്തിന്റെ അനധികൃത ഭൂമിയിടപാടിൽ ഇടപെട്ടില്ല.

ഈ നേതാവ് താമസിക്കുന്ന പ്രദേശത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ലോക്കൽ കമ്മിറ്റി സമ്മേളനങ്ങളിൽ പ്രതിനിധികൾ വിഷയം ഉന്നയിച്ചു. പക്ഷേ, സമ്മേളനത്തിൽ പങ്കെടുത്ത ജില്ലാ കമ്മിറ്റിയംഗം ഉൾപ്പെടെയുള്ള നേതാക്കൾ ഈ വിഷയത്തിൽ ചർച്ചകൾ നടക്കാതിരിക്കാൻ ശ്രമിക്കുകയായിരുന്നു. 

സിപിഎം നേതാവിനു ഭൂമി കൈമാറിയ തമിഴ്നാട് സ്വദേശി 2020ൽ ഇതേ ഭൂമി കോതമംഗലം കടവൂർ സ്വദേശിയായ മറ്റൊരാൾക്കു കൈമാറിയതായി വിൽപനക്കരാറുണ്ടാക്കി ദേവികുളം സബ് റജിസ്ട്രാർ ഓഫിസിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

English Summary:

District leadership protecting CPM leader in land deal

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com