വ്യാജ നോട്ടുകൾ നൽകി 15 ലക്ഷം രൂപ തട്ടി; കാഞ്ഞിരപ്പള്ളി സ്വദേശി പിടിയിൽ
Mail This Article
മൂവാറ്റുപുഴ∙ വ്യാജ നോട്ടുകൾ നൽകി ആലുവ സ്വദേശിയിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തയാളെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വാഴൂർ ഇളക്കുന്നേൽ വാടകയ്ക്ക് താമസിക്കുന്ന, കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി തട്ടാംപറമ്പിൽ മണിയെ (68) ആണു പൊലീസ് അറസ്റ്റ് ചെയ്തത്. സമാനമായ വിധത്തിൽ ഇയാൾ ഒട്ടേറെപ്പേരിൽ നിന്നു പണം തട്ടിയെടുത്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നയാളെന്നു പരിചയപ്പെടുത്തിയാണ് ഇയാൾ തട്ടിപ്പു നടത്തുന്നത്. സംസ്ഥാനത്തിനു പുറത്തും തട്ടിപ്പു നടത്തിയിട്ടുണ്ടെന്നു മണി പൊലീസിനോടു സമ്മതിച്ചു. ഭൂമി വിൽപനയ്ക്കു പരസ്യം നൽകിയ ആലുവ സ്വദേശിയെ ഫോണിൽ വിളിച്ച് ജോഷി എന്നു പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. സിനിമ മേഖലയിൽ ഉള്ളവരുടെ കള്ളപ്പണം പലിശയ്ക്കു നൽകാൻ ഏൽപിച്ചിട്ടുണ്ടെന്നും കുറഞ്ഞ പലിശയ്ക്ക് പണം നൽകാമെന്നും വാഗ്ദാനം ചെയ്തു.
15 ലക്ഷം രൂപ ഇയാൾക്ക് മുൻകൂറായി നൽകിയാൽ 30 ലക്ഷത്തിന്റെ കള്ളപ്പണം നൽകുമെന്നും ബിസിനസ് നടത്തി ലാഭം കിട്ടിയ ശേഷം ബാക്കി 15 ലക്ഷം തിരികെ കൊടുത്താൽ മതിയെന്നുമായിരുന്നു വാഗ്ദാനം. വിവിധ ആളുകളുടെ പേരിൽ വ്യാജമായി സിം കാർഡ് എടുത്തായിരുന്നു തട്ടിപ്പ്. ഒരോ ഇടപാടിനു ശേഷവും ആ സിം കാർഡ് ഉപേക്ഷിക്കും. 5 ലക്ഷത്തോളം രൂപയും ഒട്ടേറെ മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തു. കോട്ടയത്ത് ദിവസങ്ങളോളം വേഷപ്രച്ഛന്നരായി താമസിച്ചാണ് പൊലീസ് മണിയെ അറസ്റ്റ് ചെയ്തത്.
ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ, എസ്ഐമാരായ കെ.കെ രാജേഷ്, പി.കെ. വിനാസ്, പി.സി.ജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിബിൽ മോഹൻ, രഞ്ജിത് രാജൻ എന്നിവരാണ് മണിയെ അറസ്റ്റ് ചെയ്തത്. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കി.