കെടിയു വിസി നിയമനം: ഗവർണറും സർക്കാരും രണ്ടു തട്ടിൽ
Mail This Article
തിരുവനന്തപുരം∙ സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ ഗവർണറും സർക്കാരും രണ്ടു തട്ടിൽ. സർക്കാർ നിർദേശിച്ച 3 പേരുടെ പാനലിൽ നിന്നു തന്നെ നിയമനം നടത്തണമെന്ന ഉറച്ച നിലപാടിലാണ് സർക്കാർ. എന്നാൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സർക്കാരിന് വിസി നിയമനത്തിൽ ഇടപെടാനാവില്ലെന്നും യൂണിവേഴ്സിറ്റി നിയമപ്രകാരം മറ്റൊരു സർവകലാശാലയുടെ വിസിയെയോ, പിവിസിയെയോ മാത്രമേ വിസിയായി നിയമിക്കാൻ വ്യവസ്ഥയുള്ളൂവെന്നുമാണു ഗവർണറുടെ നിലപാട്.
ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ വിസിയായി നിയമിക്കണമെന്നു നിർദേശമുണ്ടെങ്കിലും യുജിസി യോഗ്യതയില്ലാത്തതിനാൽ നിർദേശം ഗവർണർ അംഗീകരിച്ചിട്ടില്ല.സാങ്കേതിക സർവകലാശാല (കെടിയു) ആരംഭിച്ചിട്ട് 10 വർഷം കഴിഞ്ഞെങ്കിലും ആദ്യമായാണ് അധ്യാപക നിയമനം വിജ്ഞാപനം ചെയ്തിരിക്കുന്നത്. 40 തസ്തികകളിലേക്കാണു നിയമനം.കാലാവധി കഴിഞ്ഞിട്ടും 6 മാസമായി തുടരുന്ന സിൻഡിക്കറ്റിന് ഇന്റർവ്യൂ നടത്തേണ്ടതിനാൽ സർക്കാരിന് താൽപര്യമുള്ളയാൾ വിസിയാകണമെന്ന നിർബന്ധത്തിലാണു സർക്കാരെന്നു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ആരോപിച്ചു.