ADVERTISEMENT

കൊച്ചി ∙ ഹേമ കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിൽ സിനിമയുൾപ്പെടെ വിനോദ വ്യവസായ മേഖലയിൽ നിയമനിർമാണം നടത്തുമ്പോൾ സ്ത്രീ കാഴ്ചപ്പാടിനാണു മുൻഗണന നൽകേണ്ടതെന്നു ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികളിൽ ഹൈക്കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയായി അഡ്വ. മിത സുധീന്ദ്രനെ നിയമിച്ചു. വിവരങ്ങൾ സർക്കാരിനു കൈമാറുമെന്നും ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹർജി 21നു വീണ്ടും പരിഗണിക്കും.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇതുവരെ 26 എഫ്ഐആർ റജിസ്റ്റർ ചെയ്തെന്നും ഇവയിൽ 18 എണ്ണത്തിൽ മൊഴി രേഖപ്പെടുത്താൻ അതിജീവിതർ സമയം തേടിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. എന്നാൽ എട്ടെണ്ണത്തിൽ അഞ്ച് അതിജീവിതർ നടപടികളുമായി മുന്നോട്ടുപോകാൻ വിസമ്മതിച്ചു. പ്രത്യേക അന്വേഷണ സംഘം ഇക്കാര്യത്തിൽ മറ്റു തെളിവുകൾ ശേഖരിക്കാൻ ശ്രമിക്കുകയാണ്. 

മൂന്നു കേസുകളിൽ മൊഴി തങ്ങളുടേതല്ലെന്ന് അറിയിച്ചതിനെത്തുടർന്നു യഥാർഥ അതിജീവിതരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് അറിയിച്ചു. മറ്റു വിഷയങ്ങളിൽ മറുപടി നൽകാൻ സർക്കാർ സമയം തേടി. നിയമ നിർമാണവുമായി ബന്ധപ്പെട്ടു നിർദേശങ്ങൾ നൽകാൻ ബന്ധപ്പെട്ടവർക്ക് അവസരമുണ്ടെന്നു കോടതി പറഞ്ഞു. നിർദേശങ്ങൾ അമിക്കസ് ക്യൂറിക്കു നൽകണം. 

കരടു നിയമത്തിനു തങ്ങൾ രൂപം നൽകിയതായി വനിതാ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ വുമൺ ഇൻ സിനിമ കലക്ടീവിന്റെ (ഡബ്ല്യുസിസി) അഭിഭാഷകൻ അറിയിച്ചു.

English Summary:

Women's perspective preferred in Entertainment-Industries legislation: High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com