ഹേമ കമ്മിറ്റി സിനിമയിലെ ചരിത്രസംഭവം: ഷീല
Mail This Article
തിരുവനന്തപുരം∙ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ സർക്കാർ നിയമിച്ചത് മലയാള സിനിമയിലെ ചരിത്രസംഭവമാണെന്നും അതിനു മുൻകയ്യെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നുവെന്നും നടി ഷീല. രാജ്യാന്തര ഫിലിം പ്രിസർവേഷൻ ആൻഡ് റിസ്റ്റോറേഷൻ ശിൽപശാലയുടെ ഉദ്ഘാടനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അവർ. ഹേമ കമ്മിറ്റി റിപ്പോർട്ട് ചലച്ചിത്രമേഖലയിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കും. സ്നേഹനിധിയായ ഒരു മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന്റെ ഭാഗ്യമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിൽ വിമർശനമുണ്ടായെങ്കിലും പടയാളിപ്പോലെ അദ്ദേഹം പക്വതയോടെ പ്രതിരോധിച്ചു നിൽക്കുന്നു. കേരളം മുത്തു പതിപ്പിച്ച കിരീടവുമായാണ് പിണറായി വിജയനെ ഭരണത്തിലേറ്റിയത്.
അത് യഥാർഥത്തിൽ മുൾക്കിരീടമാണെന്ന് മുഖ്യമന്ത്രിക്കു മാത്രമേ അറിയൂ എന്നും ഷീല പറഞ്ഞു. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ സ്ഥാപകൻ ശിവേന്ദ്ര സിങ് ദുംഗാർപൂർ , സംവിധായകൻ സയ്യിദ് മിർസ, നടി ജലജ, കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ.കരുൺ, ഡേവിഡ് വാൽഷ് തുടങ്ങിയവർ പങ്കെടുത്തു. സിനിമ ചരിത്രകാരൻ എസ്.തിയോടർ ഭാസ്‌കരനെ ആദരിച്ചു. 14 വരെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലാണു ശിൽപശാല. പരിപാടി സംഘടിപ്പിക്കുന്നത് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനും ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ഫിലിം ആർക്കൈവ്‌സുമാണ്.