പെട്ടി തള്ളണോ വലിക്കണോ; സിപിഎമ്മിൽ ഭിന്നത
Mail This Article
പാലക്കാട് ∙ ട്രോളിയിലെ കള്ളപ്പണ വിവാദം തിരഞ്ഞെടുപ്പു ചർച്ചയാക്കുന്നതിൽ സിപിഎമ്മിൽ ഭിന്നാഭിപ്രായം. സംഭവം സുവർണാവസരമാക്കി കൊഴുപ്പിക്കാൻ ഒരു വിഭാഗം നേതാക്കൾ ശ്രമിക്കുമ്പോൾ അതു യുഡിഎഫിനു ഗുണമാകുമെന്നാണു മുതിർന്ന നേതാക്കളുടെ അഭിപ്രായം. സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ഉയർത്തിപ്പിടിക്കുന്ന പെട്ടി വലിച്ചെറിയാനാണു സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസ് ആവശ്യപ്പെടുന്നത്.
ഇന്നലെ രാവിലെ മുൻ എംഎൽഎ എം.നാരായണന്റെ അനുസ്മരണയോഗത്തിൽ, പെട്ടിവിഷയം മതിയാക്കി ജനങ്ങളെ ബാധിക്കുന്ന രാഷ്ട്രീയ വിഷയങ്ങളുമായി ഇടതുപക്ഷം മുന്നോട്ടു പോകണമെന്ന് എൻ.എൻ.കൃഷ്ണദാസ് ആവശ്യപ്പെട്ടു. ഈ വിഷയം കോൺഗ്രസിന്റെ കെണിയാണെന്നും അതിൽ പാർട്ടി തലവയ്ക്കരുതെന്നുമാണ് അദ്ദേഹം നൽകിയ മുന്നറിയിപ്പ്. ഷാഫി പറമ്പിലിനും കേന്ദ്രസർക്കാരിനുമെതിരെ രാഷ്ട്രീയം ചർച്ച ചെയ്യേണ്ട സമയത്താണു പെട്ടിയുടെ പേരിൽ പുകമറ സൃഷ്ടിക്കുന്നതെന്നാണു കൃഷ്ണദാസിന്റെ ആരോപണം.
എന്നാൽ, വിഷയം വീണ്ടും സജീവമാക്കുന്ന നിലപാടു തന്നെയാണു ഇ.എൻ.സുരേഷ്ബാബു തുടർന്നത്. കൃഷ്ണദാസിന്റെ പ്രസംഗം ചാനലുകളിൽ വന്നതിനു പിന്നാലെ മാധ്യമങ്ങളെ കണ്ട സുരേഷ് ബാബു വീണ്ടും യുഡിഎഫിനെതിരെ ആരോപണമുയർത്തി. രാഷ്ട്രീയ, ജനകീയ പ്രശ്നങ്ങൾക്കൊപ്പം പെട്ടി ചർച്ച ചെയ്യാമെന്നതു പാർട്ടിയുടെ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.
തുടർന്നു വീണ്ടും മാധ്യമങ്ങൾ സമീപിച്ചപ്പോൾ കൃഷ്ണദാസ് തന്റെ നിലപാട് ആവർത്തിച്ചു. ‘ദാറ്റ് ചാപ്റ്റർ ക്ലോസ്ഡ്’ എന്നു പറഞ്ഞ അദ്ദേഹം മനുഷ്യരുടെ രാഷ്ട്രീയവും വികസനവും ചർച്ചയാക്കാനാണു പാർട്ടി തീരുമാനിച്ചതെന്ന് ആവർത്തിച്ചു. പെട്ടി മാത്രമല്ല പലവിധ പ്രശ്നങ്ങളും സിപിഎം ചർച്ച ചെയ്യുമെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞതും നിലപാടുമാറ്റത്തിന്റെ തുടക്കമായി കാണാം. നേരത്തെ, പെട്ടിവിവാദം ഷാഫിയുടെ നാടകമാണെന്നു ഇടതു സ്വതന്ത്ര സ്ഥാനാർഥി പി.സരിൻ പറഞ്ഞപ്പോൾ, താൻ പറയുന്നതാണു പാർട്ടി നയമെന്നു ജില്ലാ സെക്രട്ടറി തിരുത്തിയിരുന്നു.