സ്പോട് ബുക്കിങ്ങിന് ആധാർ നിർബന്ധം
Mail This Article
പത്തനംതിട്ട ∙ ശബരിമല തീർഥാടനത്തിന് എത്തുന്ന ഭക്തർക്ക് സ്പോട് ബുക്കിങ്ങിന് ആധാർ കാർഡ് നിർബന്ധം. ബുക്കിങ്ങിനായി എത്തുന്നവർ ആധാർ കാർഡോ പകർപ്പോ കയ്യിൽ കരുതണമെന്നാണ് ദേവസ്വം ബോർഡ് അറിയിപ്പ്. ആധാർ കാർഡ് പരിശോധിക്കുന്നതിനൊപ്പം ബുക്കിങ് കേന്ദ്രത്തിൽ എത്തുന്ന തീർഥാടകന്റെ ഫോട്ടോ അവിടെവച്ച് എടുക്കും. പിന്നീട് ലഭിക്കുന്ന പാസിൽ ഉള്ള ക്യുആർ കോഡ് സ്കാൻ ചെയ്താൽ തീർഥാടകന്റെ ഫോട്ടോ ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും അറിയാൻ കഴിയും.
പതിനെട്ടാംപടി കയറ്റാൻ പൊലീസിന് ഇരിപ്പിടം: പരീക്ഷണം വിജയം
ശബരിമല ∙ പൊലീസുകാർക്ക് പതിനെട്ടാംപടിയുടെ വശത്തെ കൈവരിയുടെ ഭാഗത്ത് ഇരുന്നുകൊണ്ട് തീർഥാടകരെ പടി കയറ്റിക്കുന്നതിനുള്ള ക്രമീകരണമായി. പരീക്ഷണാടിസ്ഥാനത്തിലുള്ള പരിശോധന തൃപ്തികരമായി പൂർത്തിയാക്കി. നേരത്തെ പതിനെട്ടാംപടിയുടെ വശത്തു നിന്നുകൊണ്ടാണ് പൊലീസുകാർ തീർഥാടകരെ പടി കയറാൻ സഹായിച്ചിരുന്നത്.
ഭിത്തിയോടു ചേർന്ന ഭാഗത്ത് ഇരുന്ന് തീർഥാടകരെ കയറ്റിവിടാൻ, ഇരുമ്പിൽ നിർമിച്ച താൽക്കാലിക സംവിധാനമാണ് ഒരുക്കിയത്. ആവശ്യമില്ലാത്തപ്പോൾ എടുത്തുമാറ്റാവുന്ന വിധത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.
പതിനെട്ടാംപടിയിലെ ഹൈഡ്രോളിക് മേൽക്കൂര താങ്ങിനിർത്താൻ ആറാമത്തെ പടിയുടെ സമീപത്ത് ഇരുവശത്തുമായി നിർമിച്ച കൽത്തൂണുകൾ പൊലീസുകാർക്കു നിൽക്കാൻ തടസ്സം ഉണ്ടാക്കുന്നു എന്ന പരാതിയെ തുടർന്നാണു ശിൽപി ചെങ്ങന്നൂർ സ്വദേശി മഹേഷ് പണിക്കരുടെ നേതൃത്വത്തിൽ പുതിയ ക്രമീകരണം ഒരുക്കിയത്.