ഗൺമാന്റെ അടി: ഇനി അന്വേഷണം കോടതി നൽകുന്ന തെളിവുകളോടെ
Mail This Article
ആലപ്പുഴ ∙ മുഖ്യമന്ത്രിയുടെ ഗൺമാന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ അകാരണമായി മർദിച്ചെന്ന പരാതി വസ്തുതയല്ലെന്ന റിപ്പോർട്ട് കോടതി തള്ളിയതോടെ പൊലീസ് ഇനി അതേ പരാതി തെളിവുകളോടെ അന്വേഷിക്കും. കിട്ടിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞ മർദനദൃശ്യങ്ങൾ കോടതി തന്നെ അവർക്കു നൽകും.
-
Also Read
പിഎം സൂര്യഘർ: പട്ടികയിൽ കേരളം രണ്ടാമത്
എന്നാൽ നേരത്തെ അന്വേഷിച്ച ജില്ലാ ക്രൈംബ്രാഞ്ച് സംഘം തന്നെയാണോ ഇനി അന്വേഷിക്കുകയെന്നു വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ കോടതിയിൽനിന്നോ പൊലീസ് ആസ്ഥാനത്തുനിന്നോ നിർദേശം ലഭിച്ചേക്കുമെന്നു ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ പറഞ്ഞു. വീണ്ടും അന്വേഷിക്കണമെന്ന കോടതി ഉത്തരവു ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
പരാതി വീണ്ടും അന്വേഷിക്കണമെന്ന കോടതി ഉത്തരവിനൊപ്പം മുഴുവൻ രേഖകളും പൊലീസിനു കോടതി നൽകും. പരാതി തള്ളണമെന്ന് ആവശ്യപ്പെട്ട റിപ്പോർട്ടിനൊപ്പം ക്രൈംബ്രാഞ്ച് സമർപ്പിച്ച കേസ് ഡയറിയും തിരികെ നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
ശ്രമിച്ചിട്ടും മർദനത്തിന്റെ ദൃശ്യങ്ങൾ കിട്ടിയില്ലെന്നു പറഞ്ഞ ക്രൈംബ്രാഞ്ച്, പൊലീസ് ഫൊട്ടോഗ്രഫർ പകർത്തിയ ദൃശ്യങ്ങൾ കോടതിയിൽ നൽകിയിരുന്നു. അവയുടെ പകർപ്പിനു കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നു മർദനമേറ്റ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവൽ കുര്യാക്കോസിന്റെ അഭിഭാഷകൻ പി.റോയി പറഞ്ഞു.
പൊലീസ് പരാതിക്കാരനെ മർദിച്ചോ ഇല്ലയോ എന്നു തീരുമാനത്തിലെത്താൻ വിഡിയോ ദൃശ്യങ്ങൾ വളരെ അത്യാവശ്യമാണെന്നും അവ പൊലീസ് ശേഖരിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ദൃശ്യങ്ങൾ കിട്ടാത്തതിനു പൊലീസ് നിരത്തിയ ന്യായീകരണങ്ങൾ കോടതി പരിഗണിച്ചില്ല.
മർദനത്തിനു തെളിവില്ലെന്നാണു ക്രൈം ബ്രാഞ്ച് ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ മർദനത്തിന്റെ ദൃശ്യങ്ങൾ പരാതിക്കാരൻ കോടതിയിൽ ഹാജരാക്കിയതോടെ പൊലീസ് നിലപാടു മാറ്റേണ്ടിവരും. ഇനി ദൃശ്യങ്ങൾ തെളിവായെടുത്ത് അന്വേഷിക്കണം. കോടതിയിൽ സമർപ്പിച്ചതു കൂടാതെ വേറെയും ദൃശ്യങ്ങളുണ്ടെന്നു വാദിഭാഗം പറയുന്നു. അവ പകർത്തിയ മാധ്യമപ്രവർത്തകൻ ജോജിമോനെ കേസിൽ സാക്ഷിയാക്കിയിട്ടുണ്ട്.