തുലാമഴ രാത്രിയിൽ; പകൽച്ചൂടേറുന്നു
Mail This Article
തിരുവനന്തപുരം ∙ തുലാമഴ വൈകുന്നേരങ്ങളിലും രാത്രിയിലുമായി ഒതുങ്ങിയതോടെ സംസ്ഥാനത്ത് പകൽച്ചൂട് സാധാരണയിലും കൂടുതൽ. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, കോഴിക്കോട് നഗരത്തിൽ രണ്ട് ദിവസമായി പകൽ താപനില 35.6– 35.4 ഡിഗ്രി സെൽഷ്യസാണ്. സാധാരണയിലും 3 ഡിഗ്രി സെൽഷ്യസ് കൂടുതൽ. തൃശൂർ വെള്ളാനിക്കരയിൽ വെള്ളിയാഴ്ച 2.9 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നു. അതേസമയം, കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെതന്നെ ഓട്ടമാറ്റിക് സ്റ്റേഷനുകളിൽ ഇന്നലെ ഇടുക്കി, വയനാട്, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ഉയർന്ന ചൂട് 35-39 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തി.
അടുത്ത 2 ദിവസങ്ങളിൽ സംസ്ഥാനത്ത് മലയോര മേഖലയിൽ ഒറ്റപ്പെട്ട മഴ തുടരും. ബംഗാൾ ഉൾക്കടലിലെ നിലവിലെ ചക്രവാതച്ചുഴി ന്യൂനമർദമായി മാറി ചൊവ്വ, ബുധൻ ദിവസങ്ങളിൽ തമിഴ്നാട് ശ്രീലങ്ക തീരത്തേക്ക് നീങ്ങുന്നതോടെ കേരളത്തിലും മഴ വീണ്ടും സജീവമാകാൻ സാധ്യത.ഇന്നും 12, 13 തീയതികളിലും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 13ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ 35 മുതൽ 45 വരെ കിലോമീറ്റർ വരെയും ചിലപ്പോൾ 55 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.