പണപ്പിരിവ്: നയംമാറ്റത്തിന് സർക്കാർ; ഓരോ വകുപ്പും പിരിച്ചെടുക്കുന്ന തുക അതതു വകുപ്പിനുതന്നെ ഉപയോഗിക്കാം
Mail This Article
തിരുവനന്തപുരം ∙ ഓരോ വകുപ്പും ജനങ്ങളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പിരിച്ചെടുക്കുന്ന നികുതി ഒഴികെയുള്ള തുക അതതു വകുപ്പിനുതന്നെ ഉപയോഗിക്കാൻ അനുവാദം നൽകുന്ന പുതിയ നയത്തിലേക്കു സർക്കാർ നീങ്ങുന്നു. വകുപ്പുകളുടെ പണപ്പിരിവ് ഉൗർജിതമാക്കാനാണ് ഇൗ രീതി കൊണ്ടുവരുന്നത്. നയം രൂപീകരിച്ചു മന്ത്രിസഭയ്ക്കു മുന്നിൽ സമർപ്പിക്കാൻ ധന സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി വിളിച്ച യോഗം നിർദേശം നൽകി. പിരിക്കുന്ന തുക ചെലവഴിക്കാൻ അനുവദിക്കണമെന്ന വകുപ്പുകളുടെ കാലങ്ങളായുള്ള ആവശ്യത്തിനാണു പരിഹാരമാകുന്നത്.
പലയിനങ്ങളിലായി വകുപ്പുകൾ പിരിക്കുന്ന തുക ഇപ്പോൾ സംസ്ഥാന ഖജനാവിലേക്കാണു പോകുന്നത്. വകുപ്പുകൾക്കു ചെലവിനാവശ്യമായ പണം ബജറ്റ് വിഹിതമനുസരിച്ചു ധനവകുപ്പ് അനുവദിക്കും. ചെലവിന് ആവശ്യമായ പണം സർക്കാർ ഖജനാവിൽനിന്ന് എത്തുന്നതിനാലും പിരിച്ചെടുക്കുന്ന തുക സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനാകാത്തതിനാലും പണപ്പിരിവിൽ വകുപ്പുകൾ വലിയ താൽപര്യം കാട്ടാറില്ല. ധനവകുപ്പ് മാത്രമാണു വരുമാനം ഉറപ്പാക്കാൻ ഉൗർജിത നടപടികൾ സ്വീകരിക്കുന്നത്.
95,000 കോടി രൂപയാണു സംസ്ഥാന സർക്കാരിന്റെ നികുതി വരുമാനം. ജിഎസ്ടി, സ്റ്റാംപ് ഡ്യൂട്ടി, ഭൂനികുതി, വിൽപന നികുതി, എക്സൈസ് ഡ്യൂട്ടി, കേന്ദ്ര നികുതി വിഹിതം തുടങ്ങിയവ ഇതിൽ ഉൾപ്പെടും. 16,500 കോടി രൂപയാണു നികുതിയിതര വരുമാനം. സർക്കാർ സേവനങ്ങൾക്കുള്ള ഫീസുകൾ, ഫോമുകളുടെ വില, റോയൽറ്റി, ലൈസൻസ് നിരക്കുകൾ, ഖനനാനുമതിക്കുള്ള ഫീസ്, ആശുപത്രി ഫീസുകൾ തുടങ്ങിയവയാണു മുഖ്യ നികുതിയിതര വരുമാന മാർഗങ്ങൾ.
കടമെടുക്കുന്ന തുക അടക്കം സർക്കാരിന്റെ ആകെ വരുമാനം 1.56 ലക്ഷം കോടി രൂപയാണ്. വരുമാനത്തിന്റെ 10 ശതമാനത്തിലേറെ തുക നികുതിയിതര ഇനത്തിലാണു ലഭിക്കുന്നത്. ഇൗ വരുമാനത്തിൽ വലിയ വർധന ലക്ഷ്യമിട്ടാണു പരിഷ്കാരം കൊണ്ടുവരുന്നത്. ലോട്ടറി അടക്കമുള്ള ചില വകുപ്പുകൾക്കു കിട്ടുന്ന പണം മുഴുവൻ ഉപയോഗിക്കുന്നതിനു നിയന്ത്രണമുണ്ടാകും. നിബന്ധനകൾക്കു വിധേയമായാകും പരിഷ്കാരം നടപ്പാക്കുകയെന്ന് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.