കാരുണ്യ പദ്ധതി വൻ പ്രതിസന്ധിയിലേക്ക്; കുടിശിക 1600 കോടി
Mail This Article
തിരുവനന്തപുരം ∙ കേന്ദ്ര സർക്കാരിന്റെ തീരുമാനപ്രകാരം 70 വയസ്സ് കഴിഞ്ഞവർക്കുകൂടി സൗജന്യ ചികിത്സ നൽകുമ്പോൾ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) വൻ പ്രതിസന്ധിയിലാകുമെന്ന് ആശങ്ക. കേന്ദ്ര പദ്ധതിയായ ആയുഷ്മാൻ ഭാരതിനെ കാസ്പിൽ ലയിപ്പിച്ചാണു കേരളത്തിൽ നടപ്പാക്കുന്നത്. കേന്ദ്രവിഹിതം ഉയർത്താത്തതും ആശുപത്രികൾക്കുള്ള കുടിശികയുമാണു പദ്ധതി നേരിടുന്ന വെല്ലുവിളികൾ.
നിലവിൽ 41.99 ലക്ഷം കുടുംബങ്ങളാണു പദ്ധതിയിലുള്ളത്. ഇതിലേക്ക് സംസ്ഥാനത്തെ 70 കഴിഞ്ഞ 27 ലക്ഷം പേരെക്കൂടി ഉൾപ്പെടുത്തും. നിലവിൽ 1600 കോടി രൂപയാണ് ആശുപത്രികൾക്കുള്ള കുടിശിക. സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രികൾക്കു മാത്രം 800 കോടി നൽകണം.
അപകടം, അർബുദം, ഹൃദ്രോഗം, വൃക്ക, കരൾ രോഗങ്ങൾ, വിവിധ ശസ്ത്രക്രിയകൾ എന്നിവയ്ക്കു ചെലവേറെയാണ്. അതുകൊണ്ടാണു സാധാരണക്കാർ കാസ്പിനെ ആശ്രയിക്കുന്നത്. ഉയർന്ന ചെലവുള്ള ചികിത്സകൾക്ക് ആവശ്യമായ മരുന്നും ഉപകരണങ്ങളും സർക്കാർ ആശുപത്രികളിൽ ഇല്ല. അവ പുറത്തെ ഏജൻസികളിൽനിന്നാണു വാങ്ങുന്നത്. കാസ്പിൽനിന്നു ഫണ്ട് ലഭിക്കുന്ന മുറയ്ക്കു നൽകാമെന്നാണു ധാരണ. കുടിശിക ഉയർന്നതോടെ വിതരണക്കാർ മരുന്നും ഉപകരണങ്ങളും നൽകുന്നതു നന്നേ കുറച്ചു. ഇതോടെ സർക്കാർ മേഖലയിൽ കാസ്പ് അംഗങ്ങൾക്കുള്ള ചികിത്സാ സൗജന്യം നന്നേ കുറഞ്ഞിട്ടുണ്ട്. കുടിശിക ഉയർന്നതിനാൽ സ്വകാര്യ ആശുപത്രികളിലും കാസ്പ് അംഗങ്ങളുടെ ചികിത്സ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ പ്രതിസന്ധി നിലനിൽക്കെയാണ് 70 വയസ്സു കഴിഞ്ഞവർ കൂടി എത്തുന്നത്.
കിടത്തിച്ചികിത്സയ്ക്കാണു കാസ്പിൽ പരിരക്ഷ ലഭിക്കുന്നത്. നിലവിൽ 364 സ്വകാര്യ ആശുപത്രികളെയും 197 സർക്കാർ ആശുപത്രികളെയും 4 കേന്ദ്ര സർക്കാർ ആശുപത്രികളെയുമാണു പദ്ധതിയിൽ എംപാനൽ ചെയ്തിട്ടുണ്ട്. കൂടുതൽ അംഗങ്ങൾ എത്തുമ്പോൾ ആശുപത്രികൾ കൂട്ടേണ്ടിവരും. എന്നാൽ, എംപാനൽ ചെയ്യാൻ ആശുപത്രികൾ സന്നദ്ധമാകുന്നില്ല. പദ്ധതി സുഗമമായി തുടരണമെങ്കിൽ കേന്ദ്രം സഹായിക്കണമെന്നാണു കേരളം ആവശ്യപ്പെടുന്നത്. ഇപ്പോൾ വർഷം ചെലവാകുന്ന മൊത്തം തുകയുടെ 10% പോലും കേന്ദ്രവിഹിതമായി ലഭിക്കുന്നില്ല.