വിട്ടുമാറാത്ത ചുമ, കിതപ്പ് കോവിഡിന്റെ ആഘാതം
Mail This Article
തിരുവനന്തപുരം ∙ പനിയും ജലദോഷവും മാറിയാലും ചുമ വിട്ടുമാറാതെ തുടരുന്നതിനു കാരണം കോവിഡിന്റെ ആഘാതമാണെന്ന് ആരോഗ്യ വിദഗ്ധർ. കോവിഡ് ബാധിച്ചവർക്കു ചുമ തുടങ്ങിയാൽ അതു വേഗം മാറുന്നില്ല. ഒരു മാസത്തോളം വിടാതെ പിന്തുടർന്നേക്കും. കിതപ്പും ഉണ്ടാകും.
കോവിഡ് ബാധിച്ചതു തിരിച്ചറിയാത്തവർക്കും ഒന്നിലേറെ തവണ കോവിഡ് വന്നവരെയുമൊക്കെ ചുമയും കിതപ്പും കാര്യമായി അലട്ടുന്നു. രോഗം ശമിപ്പിക്കുന്നതിന് ഡോക്ടർമാർ മരുന്നിനൊപ്പം ചെറിയ കാലയളവിലേക്ക് ഇൻഹെയ്‌ലർ ഉപയോഗവും നിർദേശിക്കുന്നുണ്ട്.
ചെറിയതോതിൽ അലർജി ഉള്ളവർക്കു പോലും കോവിഡിന് ശേഷം അതു രൂക്ഷമാകുന്നതാണു സ്ഥിതി. കോവിഡിനു മുൻപ് അലർജിയും ആസ്മയും ചികിത്സിച്ചു ഭേദമായവർക്ക് ഇപ്പോൾ ആ രോഗങ്ങൾ തിരിച്ചുവരുന്നതായി മെഡിക്കൽ കോളജ് ആശുപത്രിയിലെ ശ്വാസകോശരോഗ വിഭാഗം മേധാവി ഡോ.എ.ഫത്താഹുദീൻ പറഞ്ഞു.
പനിയോ ജലദോഷമോ മാറിയ ശേഷവും ചുമ മൂന്നാഴ്ചയിലേറെ തുടർന്നാൽ ലങ് ഫങ്ഷൻ ടെസ്റ്റ് നടത്തണം. ശ്വാസകോശത്തിൽ തടസ്സമോ ചുരുക്കമോ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരിച്ചറിയാൻ വേണ്ടിയാണിത്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള ചികിത്സ വൈകാതെ തുടങ്ങണം.
പനിയും ചുമയും ഇല്ലാതെ ചുമ നീണ്ടു നിന്നാൽ ടിബിയുടെ സാധ്യതയാണു പരിശോധിക്കേണ്ടത്. ആസ്മ, അലർജി, പുകവലി ശീലം, ന്യുമോണിയ ഭേദമായവർ, വൃക്കരോഗം, ഹൃദ്രോഗം എന്നിവ ഉള്ളവർക്കു ചുമ ഉണ്ടെങ്കിൽ വളരെ സൂക്ഷിക്കണമെന്നും ഡോ.ഫത്താഹുദീൻ പറഞ്ഞു.
ഇൻഫ്ലുവൻസ എ വൈറസിനു പിന്നാലെയാണു പൊതുവേ ചുമ രൂക്ഷമാകുന്നത്. ഇതിനു വൈറസിനെ പ്രതിരോധിക്കുന്ന വാക്സീൻ എടുക്കാം. സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയാണ് ഇൻഫ്ലുവൻസ എ വൈറസ് വ്യാപകമാകുന്നത്. ഈ സമയത്തു തന്നെ വാക്സീൻ എടുക്കണം.
വർഷംതോറും വൈറസിന് പുതിയ വകഭേദം ഉണ്ടാകുന്നതിനാൽ അതനുസരിച്ചു മാറ്റുന്ന വാക്സീൻ വർഷം തോറും എടുക്കണം. ഇൻഫ്ലുവൻസ എയ്ക്കു പുറമേ ഒരു പരിധിവരെ എച്ച്1എൻ1നും ഈ വാക്സീൻ പ്രതിരോധം തീർക്കാറുണ്ട്. വിദേശത്ത് ആളുകൾ സ്ഥിരമായി എടുക്കുന്ന ഈ വാക്സീൻ ഇന്ത്യയിൽ സർക്കാരുകൾ സൗജന്യമായി വിതരണം ചെയ്യുന്നില്ല.