ADVERTISEMENT

പത്തനംതിട്ട ∙ സിപിഎം ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണ വിഡിയോ വന്ന സംഭവത്തിൽ ജില്ലാ സെക്രട്ടറിയുടെ വിശദീകരണത്തിനൊപ്പം ചേർത്ത ഫോട്ടോയിലും അബദ്ധംപറ്റി സിപിഎം. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെ ഉന്നംവച്ച് ‘വ്യാജൻ ഇപ്പോൾ ഹാക്കറുമായി’ എന്ന തലക്കെട്ടിലുള്ള കുറിപ്പിനൊപ്പം സിപിഎം ജില്ലാ സെക്രട്ടറിയുടെ ചിത്രമാണു ചേർത്തിരുന്നത്. ഹാക്ക് ചെയ്തത് ജില്ലാ സെക്രട്ടറിയാണോയെന്നു പരിഹാസമുയർന്നതോടെ പേജിന്റെ അഡ്മിൻ ഫോട്ടോ അടങ്ങിയ കുറിപ്പ് നീക്കി. പിന്നീട് ചിത്രത്തിൽനിന്ന് ഫോട്ടോ ഒഴിവാക്കി വാക്കുകൾ മാത്രമാക്കി പോസ്റ്റ് പരിഷ്കരിക്കുകയായിരുന്നു. പാർട്ടി സമ്മേളനങ്ങളിൽ ഉൾപ്പെടെ ഇത്തരം അശ്രദ്ധമായ ഇടപെടലുകൾ ചർച്ചയായിരുന്നു.

ജില്ലാ സെക്രട്ടേറിയറ്റംഗം ടി.ഡി.ബൈജുവിനാണ് ജില്ലയിൽ പാർട്ടിയുടെ സമൂഹമാമാധ്യമങ്ങളുടെ ഏകോപന ചുമതല. സംസ്ഥാനത്തെ സിപിഎം ജില്ലാ കമ്മിറ്റികളുടെ സമൂഹമാധ്യമ ഇടപെടലുകളിൽ പത്തനംതിട്ട മുൻ നിരയിലാണെന്ന വിധം ഏരിയ കമ്മിറ്റികളുടെ മീഡിയ ഗ്രൂപ്പിൽ ഇദ്ദേഹം അവകാശവാദമുന്നയിച്ചതിനു പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ ഫെയ്സ്ബുക് പേജിൽ പ്രത്യക്ഷപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട ഡേറ്റയും അദ്ദേഹം ഗ്രൂപ്പിൽ പങ്കുവച്ചതും അബദ്ധമായി. മറ്റു ജില്ലകളിലെ പ്രകടനം വിലയിരുത്തിയ അംഗങ്ങൾക്ക് ജില്ലാ കമ്മിറ്റി ഔദ്യോഗിക പേജിന്റെ ഇടപെടൽ മറ്റു പല ജില്ലകളെക്കാളും പിന്നിലാണെന്നു വ്യക്തമായി. ജില്ലാ കമ്മിറ്റിയുടെ പേജിൽ സ്ഥിരമായി പോസ്റ്റുകൾ ഇടുന്നുണ്ടെങ്കിലും അവയ്ക്കുള്ള കമന്റുകളും പങ്കുവയ്ക്കലും സമീപ കാലത്ത് 15 ശതമാനത്തോളം കുറഞ്ഞെന്നും മീഡിയ ഗ്രൂപ്പിൽ പ്രചരിച്ച കണക്കിലുണ്ട്.

English Summary:

CPM District Committee Deletes Facebook Post After Mistake Happens Again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com